പ്രതിരോധത്തിൽ വാൻ ഡൈക്കിന്റെ ഒരേയൊരു ദൗർബല്യം വെളിപ്പെടുത്തി മുൻ ലിവർപൂൾ താരം

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണെങ്കിലും വാൻ ഡൈക്കിനെ തകർക്കാൻ ചില വഴികളുണ്ടെന്ന് മുൻ ലിവർപൂൾ താരം കോളോ ടൂറെ. 2018 ജനുവരിയിൽ സതാംപ്ടണിൽ നിന്നും ലിവർപൂളിലെത്തിയ വാൻ ഡൈക്ക് പിന്നീട് വളരെപ്പെട്ടെന്നാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരമായി വളർന്നത്. ബാലൺ ഡി ഓറിൽ മെസിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ താരത്തെയും മറികടക്കാൻ വഴികളുണ്ടെന്നാണ് ടൂറെ പറയുന്നത്.

“അവിശ്വസനീയമായ മികവു പുലർത്തുന്ന കളിക്കാരനാണ് വാൻ ഡൈക്ക്. വേഗതയും ഉയരവും സാങ്കേതികത്വവുമെല്ലാം താരത്തിനു വേണ്ടുവോളമുണ്ട്. ലോംഗ് പാസുകൾ കൊണ്ട് കളിയുടെ ഗതി മാറ്റാനും അദ്ദേഹത്തിനു കഴിയും. എന്നാൽ വൺ ഓൺ വൺ സാഹചര്യങ്ങളിൽ ആരും വാൻ ഡൈക്കിനെ കൂടുതൽ പരീക്ഷിക്കുന്നതു കണ്ടിട്ടില്ല. അതാണദ്ദേഹത്തിന്റെ ദൗർബല്യമെന്നാണു കരുതുന്നത്.”

“വളരെ ഉയരം കൂടിയ കളിക്കാരനായതു കൊണ്ടു തന്നെ അത്തരം സാഹചര്യങ്ങളിൽ ബോളുമായി ആക്രമണം നടത്തിയാൽ വാൻ ഡൈക്ക് പതറാൻ സാധ്യതയുണ്ട്. ബുദ്ധിമാനായതു കൊണ്ട് വാൻ ഡൈക്ക് പുറകിലേക്കു നീങ്ങിയാണു പ്രതിരോധിക്കുക. എന്നാൽ വൺ ഓൺ വൺ സാഹചര്യങ്ങളിൽ മികച്ച താരമാണെങ്കിൽ വാൻ ഡൈക്കിനെ മറികടക്കാൻ എളുപ്പമായിരിക്കും.” സ്റ്റാറ്റ്സ് പെർഫോം ന്യൂസിനോട് ടൂറെ പറഞ്ഞു.

അതേ സമയം ലിവർപൂൾ പ്രതിരോധത്തിന്റെ മികവ് വാൻ ഡൈക്കിന്റെ മാത്രം പ്രകടനം കൊണ്ടുള്ളതല്ലെന്നും ടൂറെ പറഞ്ഞു. ജോ ഗോമെസുൾപ്പെടെ മികച്ച താരങ്ങളെ പ്രതിരോധത്തിൽ കൂടെ ലഭിച്ചത് വാൻ ഡൈക്കിന്റെ ജോലി താരതമ്യേനെ എളുപ്പമാക്കുന്നുണ്ടെന്നും ടൂറെ പറഞ്ഞു.

You Might Also Like