മെസിയും ഗ്രീസ്മാനും കളിക്കുന്നത് ഒരു താത്പര്യവുമില്ലാതെ, വിമർശനവുമായി ഇതിഹാസതാരം വാൻ ബാസ്റ്റൻ

ബാഴ്സയിൽ മുൻകാല പ്രകടനങ്ങളെയെടുത്തു പരിശോധിക്കുമ്പോൾ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന രണ്ടു താരങ്ങളാണ് സൂപ്പർതാരം ലയണൽ മെസിയും അന്റോയിൻ ഗ്രീസ്മാനും. അത്ലറ്റിക്കോ മാഡ്രിഡിലെ പകുതി പ്രകടനം പോലും കാഴ്ചവെക്കാൻ 2019ൽ ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഗ്രീസ്മാനു കഴിഞ്ഞിട്ടില്ലെന്നത് വാസ്തുതയാണ്.

സൂപ്പർതാരം ലയണൽ മെസിയുടെ അതേ പൊസിഷനിൽ അത്ലറ്റിക്കോയിൽ കളിച്ചിരുന്ന അന്റോയിൻ ഗ്രീസ്മാൻ ബാഴ്സയിലെത്തിയപ്പോൾ സ്വാഭാവിക പൊസിഷനിൽ നിന്നും മാറി ഇടതു വിങ്ങിലായിരുന്നു കളിച്ചിരുന്നത്. ഇടക്ക് സ്‌ട്രൈക്കറായും കളിച്ച താരത്തിനു അതിലൊന്നും മികവ് തെളിയിക്കാനാവാതെ പോവുകയായിരുന്നു.

എന്നാൽ മെസിയുടെ മോശം പ്രകടനം ബാഴ്സയുടെ അകത്തും പുറത്തു നിന്നുമുള്ള സമ്മർദം മൂലമാണെന്നും വിലയിരുത്തലുകൾ ഉയർന്നു വന്നിരുന്നു. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസിയാണെന്ന ആരോപണങ്ങളും മെസിയെ മാനസികമായി തളർത്തിയിട്ടുണ്ടെന്നു വേണം കരുതാൻ. ബാഴ്സയുടെ നിലവിലെ സാഹചര്യങ്ങളും കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ മെസിയും ഗ്രീസ്മാനും ബാഴ്സക്കായി ഒരു ലക്ഷ്യവും താത്പര്യവുമില്ലാതെയാണ് കളിക്കുന്നതെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരമായ മാർക്കോ വാൻ ബാസ്റ്റൻ.

സിഗ്ഗോ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വാൻ ബാസ്റ്റൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.” അവർ ശരിക്കും വളരെ മോശമായാണ് കളിക്കുന്നത്.ലയണൽ മെസിയും ഗ്രീസ്മാനും ഒരു ലക്ഷ്യവുമില്ലാത്തവരെ പോലെയാണ് കളിക്കുന്നത്. ഒരു കൂട്ടം ബേക്കർമാരെ പോലെ. കാണികളില്ലാത്തതാണ് തീർച്ചയായും മെസിയെ അലോസരപ്പെടുത്തുന്നുണ്ടാവുക.ഒപ്പം അവൻ മാസങ്ങളായി നല്ല രീതിയിൽ പരിശീലിക്കുന്നില്ല. എല്ലാം കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂ. ബാഴ്സയുടെ അകത്തും പുറത്തുമുള്ള കാര്യങ്ങളിൽ മെസി സന്തുഷ്ടനല്ല. ഒപ്പം ഗ്രീസ്‌മാനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങളും. ഇതെല്ലാം ഒരു ആകെത്തുകയാണ്. ഇങ്ങനെയുള്ള മെസിയെ നമ്മൾക്കിതുവരെ അറിയുകയുമില്ല.” ബാസ്റ്റൻ പറഞ്ഞു

You Might Also Like