വീണ്ടും ഒരോവറില്‍ ആറ് സിക്‌സ്, അമ്പരപ്പിച്ച് ഇന്ത്യന്‍ താരം

വീണ്ടും ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സ് പിറന്നു. സി കെ നായുഡു അണ്ടര്‍ 23 ട്രോഫിയില്‍ റെയില്‍വേസിനെതിരെ ആന്ധ്ര ഓപ്പണര്‍ വംഷി കൃഷ്ണയാണ് ഓവറിലെ എല്ലാ പന്തുകളിലും സിക്‌സ് നേടിയത്. റെയില്‍വേസിന്റെ സ്പിന്നര്‍ ദമന്ദീപ് സിംഗാണ് വംഷി കൃഷ്ണയുടെ വെടിക്കെട്ടിന് ഇരയായത്.

മത്സരത്തില്‍ വംഷി കൃഷ്ണ 64 പന്തില്‍ 110 റണ്‍സ് അടിച്ചുകൂട്ടി. സെഞ്ചുറി നേടിയ വംഷി കൃഷ്ണയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ആന്ധ്ര 378 റണ്‍സെടുത്തു. റെയില്‍വേസാവട്ടെ ആദ്യ ഇന്നിംഗ്‌സില്‍ 231 ഓവറില്‍ 865/9 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്തിരുന്നു. ഇതോടെ കളി സമനിലയില്‍ അവസാനിച്ചു.

ആന്ധ്രക്കായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ വംഷി കൃഷ്ണ 64 പന്തില്‍ 110 റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണര്‍ നിഖിലേശ്വര്‍ 30 ബോളില്‍ 20 റണ്‍സില്‍ മടങ്ങി. ക്യാപ്റ്റന്‍ വംസി കൃഷ്ണ (74 പന്തില്‍ 55), ഹേമന്ത് റെഡ്ഡി (15 പന്തില്‍ 16), ധരണി കുമാര്‍ (108 പന്തില്‍ 81), വസു (64 പന്തില്‍ 19), ത്രിപുരാന വിജയ് (14 പന്തില്‍ 5), ഡിവിഎസ് ശ്രീരാം (38 പന്തില്‍ 6), ബി സന്തോഷ് കുമാര്‍ (ഗോള്‍ഡന്‍ ഡക്ക്), ചെന്ന റെഡ്ഡി (2 പന്തില്‍ 0), എസ് വെങ്കട രാഹുല്‍ (153 പന്തില്‍ 66*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

റെയില്‍വേസ് ഒന്നാം ഇന്നിംഗ്‌സില്‍ ഹിമാലയന്‍ സ്‌കോര്‍ നേടിയപ്പോള്‍ രണ്ട് താരങ്ങള്‍ ഡബിള്‍ സെഞ്ചുറിയും ഒരാള്‍ സെഞ്ചുറിയും പേരിലാക്കി. ഓപ്പണര്‍ അന്‍ഷ് യാദവ് 597 പന്തില്‍ 268 റണ്‍സും നാലാമന്‍ രവി സിംഗ് 311 ബോളില്‍ 258 റണ്‍സും അഞ്ചാമന്‍ അന്‍ചിത് യാദവ് 219 പന്തില്‍ 133 റണ്‍സും നേടി. തൗഫീക് ഉദ്ദീന്റെ 87 ഉം, ശിവ ഗൗതമിന്റെ 46 ഉം, ക്യാപ്റ്റന്‍ പുര്‍നാങ്ക് ത്യാഗിയുടെ 36 ഉം നിര്‍ണായകമായി. വിക്കറ്റ് കീപ്പര്‍ അഥര്‍വ് കരുല്‍കര്‍ നാല് റണ്‍സില്‍ മടങ്ങേണ്ടിവന്നു. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ ഇന്നിംഗ്‌സ് ലീഡ് റെയില്‍വേസിന് ഗുണമായി.

 

You Might Also Like