ക്രിസ്ത്യാനോക്ക് എന്നേക്കാൾ വേഗത്തിലോടാനാവും, ഉസൈൻ ബോൾട്ട് പറയുന്നു
കായികലോകത്തെ ഏറ്റവും വേഗമേറിയ താരമാണ് ജമൈക്കക്കാരനായ ഉസൈൻ ബോൾട്ട്. ഒളിംപിക്‌സിൽ 100 മീറ്ററിലും 200 മീറ്ററിലും ഇപ്പോഴും ലോകറെക്കോർഡ് ഉസൈൻ ബോൾട്ടിന്റെ പേരിലാണുള്ളത്. എന്നാൽ ഇപ്പോൾ വേണമെങ്കിൽ ലോകഫുട്ബോളിലെ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് തന്നെ ഓടിത്തോൽപ്പിക്കാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വേഗത്തിന്റെ തോഴനായ ഉസൈൻ ബോൾട്ട്.
സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനോയെക്കുറിച്ച് ഉസൈൻ ബോൾട്ട് ഇത്തരത്തിൽ പ്രതികരിച്ചത്. റൊണാൾഡോ മികച്ച രീതിയിൽ കഠിനമായി പരിശീലിക്കുന്ന താരമാണെന്നും ഇപ്പോൾ താൻ ക്രിസ്ത്യനോക്കൊപ്പം ഓടിയാൽ തീർച്ചയായും തന്നെ തോൽപ്പിക്കാൻ ക്രിസ്ത്യാനോക്കാവുമെന്നാണ് ബോൾട്ട് വ്യക്തമാക്കിയത്.
Usain Bolt thinks Cristiano Ronaldo is faster than him 😳 pic.twitter.com/BNXTZMKy8S
— ESPN FC (@ESPNFC) November 14, 2020
“തീർച്ചയായും ക്രിസ്ത്യാനോ എന്നേക്കാൾ വേഗതയുള്ളയാളാണ്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം എല്ലാ ദിവസവും പ്രയത്നിക്കുന്ന താരമാണ്. അദ്ദേഹമൊരു മികച്ച കായികതാരമാണ്. അദ്ദേഹം കളിയിൽ എപ്പോഴും മികച്ചു നിൽക്കുന്നു. അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും എപ്പോഴും ശ്രദ്ധാലുവുമായ താരമാണ്. നിലവിൽ എനിക്ക് തോന്നുന്നത് അദ്ദേഹം എന്നേക്കാൾ വേഗതയുള്ളവനാണെന്നാണ്.” ബോൾട് അഭിപ്രായപ്പെട്ടു.
കറകളഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ ബോൾട്ട് ഒരു ഫുട്ബോൾ പ്രേമി കൂടിയാണ്. പ്രൊഫഷണൽ ഫുട്ബോളിൽ കളിക്കാനുള്ള താത്പര്യത്താൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. പിന്നീട് ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിൽ പന്ത് തട്ടുകയും ആദ്യ ഗോൾ നേടുകയും ചെയ്തിരുന്നു. 2017ലാണ് അത്ലറ്റിക്സ് വിട്ട് ബോൾട് ഫുട്ബോളിലേക്ക് തിരിഞ്ഞത്.