പോഗ്ബ പുറത്തേക്കോ? ട്രാൻസ്ഫർ മൂല്യം കുത്തനെ കുറക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Image 3
EPLFeaturedFootball

യുണൈറ്റഡിൽ മോശം പ്രകടനം തുടരുന്നതോടെ പോഗ്ബയുടെ യുണൈറ്റഡിലെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോഗ്ബയെ ട്രാൻസ്ഫർ  ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളാണ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.അതിനായി ഫ്രഞ്ച് സൂപ്പർതാരത്തിനായി ആവശ്യപ്പെടുന്ന മൂല്യം 60 മില്യൺ യൂറോയിലേക്ക് താഴ്ത്തിയിരിക്കുകയാണ് യുണൈറ്റഡ്.

ഫോർഫോർടുവിനെ ഉദ്ധരിച്ചുകൊണ്ട് സ്പാനിഷ് മാധ്യമമായ എഎസ്  ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കുറച്ചു കാലങ്ങളായി  റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും  കോവിഡ് മഹാമാരിക്കു് ശേഷം പുതിയ ട്രാൻസ്ഫറുകൾ ഒന്നുമുണ്ടാവില്ലെന്നു പെരെസ് വ്യക്തമാക്കുകയായിരുന്നു. സിദാന്റെ പ്രിയതാരമായ പോഗ്ബ പരസ്യമായി റയൽ മഡ്രിഡിലേക്ക്  ചേക്കേറാനുള്ള മോഹം  വ്യക്തമാക്കിയതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

പുതിയ സീസണിൽ ഇതുവരെയും പ്രതീക്ഷക്കൊത്ത പ്രകടനം പോഗ്ബക്ക് കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ പലപ്പോഴും യുണൈറ്റഡ് ബെഞ്ചിലിരിക്കാൻ തന്നെയാണ് നിലവിൽ പോഗ്ബക്ക് വിധി. പോഗ്ബക്ക് മുകളിൽ ബ്രൂണോ ഫെർണാണ്ടസും  വാൻ ഡി ബീക്കും  പരിശീലകൻ ഒലെയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിച്ചതും പോഗ്ബയുടെ ഭാവിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ഈ ജനുവരി ട്രാൻസ്ഫറിലോ അല്ലെങ്കിൽ സീസൺ അവസാനമോ പോഗ്ബയെ വിൽക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡ് മുൻപു താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സ്റ്റേഡിയം നവീകരണവും അടുത്ത സീസണിലേക്ക് പ്രധാനലക്ഷ്യമായ കിലിയൻ എംബാപ്പെക്കു വേണ്ടി പണം കണ്ടെത്തേണ്ടതിനാലും ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ്. റയൽ മാഡ്രിഡിനെക്കൂടാതെ യുവന്റസും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡ് മൂലം വലിയതുകക്ക് ആരും ശ്രമിക്കില്ലെന്ന് കണ്ടത്തോടെയാണ് വില കുത്തനെ കുറക്കാൻ യുണൈറ്റഡ് തയ്യാറായിരിക്കുന്നത്.