യുവന്റസിനും റയലിനും എട്ടിന്റെ പണി! സൂപ്പർ താരത്തിന്റെ കരാർ യുണൈറ്റഡ് പുതുക്കുന്നു

കൊറോണക്ക് ശേഷം പരിക്കില്‍ നിന്നും തിരിച്ചുവന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോള്‍ പോഗ്ബയെ ക്ലബില്‍ നിലനിര്‍ത്താനുള്ള പദ്ധതിയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അഞ്ചു വര്‍ഷത്തേക്ക് പോഗ്ബയുടെ സേവനം തുടരുന്നതിന് വേണ്ടിയുളള കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത്.

കൊറോണക്ക് ശേഷം പുത്തന്‍ താരോദയമായ ബ്രൂണോ ഫെര്‍ണാണ്ടസിനൊപ്പം മികച്ച പ്രകടനത്തിലൂടെ തിരിച്ചു വന്ന പോള്‍ പോഗ്ബക്ക് വേണ്ടി യൂറോപ്പിലെ വമ്പന്മാരായ റയല്‍ മാഡ്രിഡും യുവന്റസും ശ്രമിക്കുന്നുണ്ടെങ്കിലും താരം യുണൈറ്റഡില്‍ തന്നെ തുടരാനാണ് സാധ്യതയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പോഗ്ബയുടെ ഇപ്പോഴത്തെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുമെങ്കിലും യുണൈറ്റഡ് പരിശീലകനായ സോല്‍ക്ഷേരുടെ തന്ത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത താരതിന്റെ സേവനം അഞ്ചു വര്‍ഷമാക്കി ഉയര്‍ത്താനാണ് ക്ലബ് ശ്രമിക്കുന്നത്. ഈ സീസണിന്റെ അവസാനത്തില്‍ തന്നെ പോഗ്ബയുമായി പുതിയ കരാറിലെത്തുമെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കുറേക്കാലമായി പരിക്കുമൂലം പുറത്തായിരുന്നെങ്കിലും ഇപ്പോള്‍ കളിക്കുന്നത് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ യുണൈറ്റഡിലും ഫ്രാന്‍സിലുമല്ല ലോകത്തിലെ ഏതു മികച്ച ക്ലബ്ബിലെ ആദ്യടീമില്‍ നിന്നും പോഗ്ബയെ ഒഴിവാക്കാനാവില്ലെന്നാണ് പരിശീലകനായ ഒലെ ഗണ്ണാര്‍ സോല്‍ക്ഷേര്‍ അഭിപ്രായപ്പെട്ടത്. കൊറോണക്ക് ശേഷം പോഗ്ബ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്നും സോല്‍ക്ഷേര്‍ കൂട്ടിച്ചേര്‍ത്തു.

You Might Also Like