ചരിത്രം ആവർത്തിക്കുന്നു, പാരീസ് കോട്ട തകർത്ത് ചുവന്ന ചെകുത്താൻമാർ

Image 3
Champions LeagueFeaturedFootball

പിഎസ്‌ജിയുടെ തട്ടകമായ പാർക്ക്‌ ഡെസ് പ്രിൻസസിൽ  വെച്ചു നടന്ന  ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് പ്രീമിയർ ലീഗിന്റെ ചുവന്ന ചെകുത്താന്മാർ. യുണൈറ്റഡിനായി ക്യാപ്റ്റൻ  ബ്രൂണോ  ഫെർണാണ്ടസും  മാർക്കസ് റാഷ്‌ഫോർഡും ലക്ഷ്യം കണ്ടപ്പോൾ  പിഎസ്‌ജിയുടെ ഏക ഗോൾ  മാർഷ്യലിന്റെ അബദ്ധത്തിൽ പിറന്ന ഓൺ ഗോളായിരുന്നു.

നെയ്മർ ചുക്കാൻ പിടിച്ച പിഎസ്‌ജിയുടെ അക്രമണങ്ങൾ മുളയിലേ നുള്ളാൻ യുണൈറ്റഡ് പ്രതിരോധത്തിന് സാധിച്ചതാണ് യുണൈറ്റഡിന്റെ വിജയസാധ്യത കൂട്ടിയത്. ഇരുപത്തിമൂന്നാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിലൂടെയാണ് യുണൈറ്റഡ് മുൻപിലെത്തുന്നത്. ആന്തണി മാർഷ്യലിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ആദ്യ ശ്രമത്തിൽ കെയ്‌ലർ നവാസ് സേവ് ചെയ്തെങ്കിലും ഗോളിവരയിൽ നിന്നും പുറത്തേക്ക് വന്നതിനാൽ റഫറി വീണ്ടും എടുക്കാൻ നിർദേശിക്കുകയായിരുന്നു.

വീണ്ടും എടുത്ത കിക്ക് വിജയകരമായി ബ്രൂണോ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ യുണൈറ്റഡ് മുന്നിലെത്തുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തിരിച്ചു വന്ന പിഎസ്‌ജി 55-ാം മിനുട്ടിൽ തന്നെ മാർഷ്യലിന്റെ പിഴവിലൂടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. നെയ്മറെടുത്ത കോർണർ ഷോട്ട് പ്രതിരോധിക്കാനായി ഉയർന്നു ചാടിയ മാർഷ്യലിന്റെ തലയിൽ തട്ടി യുണൈറ്റഡിന്റെ ഗോൾവലയിൽ തന്നെ കേറുകയായായിരുന്നു.

സമനില ഗോൾ കണ്ടെത്തിയതോടെ പിഎസ്‌ജി ഉണർന്നു കളിക്കുകയായിരുന്നു. എന്നാൽ ഡി മരിയയുടെയും നെയ്മറിന്റെയും എംബാപ്പയുടെയും ശ്രമങ്ങൾക്ക് വിലങ്ങു തടിയായി നിന്നത് യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഗെയയുടെ മിന്നും പ്രകടനമായിരുന്നു. ഒപ്പം യുവപ്രതിരോധതാരം ടുവാൻസീബേ എംബാപ്പയുടെ അക്രമണങ്ങളുടെ മുനയൊടിക്കുകയായിരുന്നു. 87-ാം മിനുട്ടിൽ പോൾ പോഗ്ബയുടെ മികച്ച അസിസ്റ്റിൽ റാഷ്ഫോർഡിന്റെ തകർപ്പൻ വലംകാൽ ഷോട്ട് നവാസിനെ മറികടന്നു പിഎസ്‌ജി വല ചലിച്ചതോടെ യുണൈറ്റഡ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.