വമ്പൻ ഓഫറുമായി ചെന്നിട്ടും രക്ഷയില്ല, സാഞ്ചോക്ക് യുണൈറ്റഡിനോട് നോ പറഞ്ഞ് ഡോർട്മുണ്ട്

Image 3
EPLFeaturedFootball

യുണൈറ്റഡ് വളരെക്കാലമായി ട്രാൻസ്ഫർ ജാലകത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന യുവപ്രതിഭയാണ് ബൊറൂസിയ ഡോർട്മുണ്ട് താരം ജേഡൻ സാഞ്ചോ.  യുണൈറ്റഡ് മുന്നോട്ടു വെച്ച ഒന്നിലധികം ഓഫറുകൾ മുൻപ് ഡോർട്മുണ്ട് നിരസിച്ചിരുന്നു. എന്നാൽ യുണൈറ്റഡ് പുതിയതായി ഓഫർ ചെയ്ത 91 മില്യൺ പൗണ്ടിന്റെ ഓഫറും ഡോർട്മുണ്ട് നിർദയം നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം 91.3 മില്യൺ പൗണ്ടിന്റെ തരത്തിനായുള്ള യുണൈറ്റഡിന്റെ അവസാനശ്രമമാണ് ഡോർട്മുണ്ട് തള്ളിക്കളഞ്ഞത്. എന്നാൽ ഡോർട്മുണ്ട് തങ്ങളുടെ പ്രധാനതാരത്തിന്റെ വില 108 മില്യണിൽ നിന്നും ഒട്ടും കുറയില്ലെന്ന കടുംപിടുത്തത്തിലാണുള്ളത്.

സഞ്ചോക്കായുള്ള ശ്രമം ഉപേക്ഷിക്കാൻ തയ്യാറാവാത്തതുമൂലം ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെയെത്തിക്കാൻ യുണൈറ്റഡ് മുതിരാതിരുന്നത് ആരാധകരിൽ നിറസയുണ്ടാക്കിയിരുന്നു. യുണൈറ്റഡിലേക്ക് ഇതുവരെ ആകെ വന്ന താരം അയാക്സിൽ നിന്നും 40 മില്യൺ യൂറോക്ക് സ്വന്തമാക്കിയ ഡോണി വാൻ ഡി ബീക്ക് മാത്രമാണ്. സാഞ്ചോ ക്ലബ്ബിൽ തുടരുമെന്ന ക്ലബ്ബിന്റെ തീരുമാനത്തിൽ സൂപ്പർതാരം മാർക്കോ റൂയിസും പിന്തുണയറിയിച്ചിരുന്നു.

“ഞങ്ങൾക്ക് ആ വാർത്ത വളരെ വലിയ കാര്യമാണ്.ഒരു വർഷം കൂടി അദ്ദേഹം ഞങ്ങളുടെ ഒപ്പം തുടരുമെന്നത് ഞങ്ങൾക്ക് ഒരുപാടു സന്തോഷമേകുന്നുണ്ട്. കാരണം അദ്ദേഹം ഒരുപാട് അസിസ്റ്റുകളും ഗോളുകളും നേടുന്നുണ്ട്. ഒപ്പം ഞങ്ങൾക്ക് പോയിന്റുകളും” റൂയിസ് സ്കൈ ജർമനിയോട് വെളിപ്പെടുത്തി. ഒക്ടോബർ 5 വരെ സാഞ്ചോ എങ്ങോട്ടും പോവാൻ സാധ്യതയില്ലെന്നു റൂയിസ് തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഡോർട്മുണ്ട് താരത്തിനായി 108 മില്യൺ പൗണ്ടിലുള്ള കടുംപിടുത്തം തുടരുന്നത് യൂണൈറ്റഡിനു വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.