‘ഒന്നുകിൽ എന്നെ ഒന്നാമനാക്കണം അല്ലെങ്കിൽ വിറ്റൊഴിവാക്കണം’ തുറന്നടിച്ച് യുണൈറ്റഡ് ഗോൾകീപ്പർ

ഓള്‍ഡ് ട്രാഫോഡില്‍ രണ്ടാമനായി ബെഞ്ചില്‍ കഴിയാന്‍ തനിക്കാവില്ലെന്നു മാഞ്ചസ്റ്റര്‍ പരിശീലകനോട് തുറന്നടിച്ചിരിക്കുകയാണ് ഈ സീസണില്‍ ഷെഫീല്‍ഡ് യുണൈറ്റഡില്‍ ലോണില്‍ കളിക്കുന്ന ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍. തന്നെ ഒന്നാമനാക്കണമെന്നും അല്ലെങ്കില്‍ ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്നുമാണ് ഹെന്‍ഡേഴ്‌സന്റെ ആവശ്യം.

ഷെഫീല്‍ഡ് യുണൈറ്റഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോണ്‍ കാലാവധി കഴിഞ്ഞതിനാല്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഡീന്‍ ഹെന്‍ഡേഴ്‌സണ്‍. അടുത്തിടെ യുണൈറ്റഡിനു വേണ്ടി സുപ്രധാന മത്സരങ്ങളില്‍ പിഴവുകള്‍ വരുത്തി ഗോളുകള്‍ വഴങ്ങേണ്ടി വന്നതിനാല്‍ ഡി ഗെയയെ മാറ്റണമെന്ന മുറവിളികള്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ പരിശീലകനായ ഒലെ ഗണ്ണാര്‍ സോല്‍ക്ഷേര്‍ ഡി ഗെയക്കു പിന്തുണയുമായി രംഗത്ത് വന്നിരുന്നു..

ഹെൻഡേഴ്‌സനു വേണ്ടി താത്പര്യം പ്രകടിപ്പിച്ചു ചെൽസി അടുത്തിടെ മുന്നോട്ടു വന്നിരുന്നു. 70 മില്യൺ യൂറോക്ക് ചെൽസിയിലെത്തിച്ച കെപ്പ അരിൻസാബലാഗ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാതെ പോയതോടെയാണ് ചെൽസി പുതിയ ഗോൾകീപ്പർക്കു വേണ്ടി ശ്രമിക്കുന്നത്.

ഷെഫീൽഡിന് വേണ്ടി ഈ സീസണിൽ 97 സേവുകൾ നടത്തിയ താരം 13 ക്ളീൻഷീറ്റുകൾ നേടിയിട്ടുണ്ട്. യൂറോപ്യൻ യോഗ്യതക്കടുത്തെത്താനെ കഴിഞ്ഞുള്ളുവെങ്കിലും പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമായി മാറാൻ ഹെൻഡേഴ്സനൊപ്പം ഷെഫീൽഡ് യൂണൈറ്റഡിനു സാധിച്ചിട്ടുണ്ട്.

പത്തുവർഷമായി ഡി ഗെയയാണ് യുണൈറ്റഡിന്റെ വലകാക്കുന്നതെങ്കിലും തനിക്ക് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ലെങ്കിൽ വിറ്റൊഴിവാക്കണമെന്നാണ് ഹെൻഡേഴ്‌സന്റെ വാദം.

You Might Also Like