മൊണാകോ പുത്തൻ താരോദയത്തിന് പിന്നാലെ യുണൈറ്റഡ്, ഉടൻ കരാറിലെത്തിയേക്കും.
പ്രതിരോധത്തിൽ ക്യാപ്റ്റൻ ഹാരി മഗ്വയറിനൊത്ത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതിനായി മൊണാക്കോയുടെ വളർന്നുവരുന്ന പത്തൊമ്പതുകാരൻ യുവപ്രതിരോധനിരതാരം ബെനോയിറ്റ് ബാഡിയഷിലെയേ സ്വന്തമാക്കാനൊരുങ്ങുകയാണ് യുണൈറ്റഡ്.
വേഗതയുള്ള മുന്നേറ്റനിരക്കാരെ നേരിടുമ്പോൾ ഹാരി മഗ്വയർക്ക് ഒപ്പമെത്താനുള്ള വേഗത കുറവുള്ളതായി ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് യുണൈറ്റഡ് വേഗതയുള്ള മറ്റൊരു പ്രതിരോധപങ്കാളിക്കു വേണ്ടി ശ്രമിക്കുന്നത്. ബാഡിയഷിലെ അത്തരമൊരു കളിക്കാരൻ ആണ്.
യുവഫുടബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മികവ് പുലർത്തുന്ന മൊണാകോയുടെ പ്രതിരോധത്തിലെ പുത്തൻതാരോദയമാണീ പത്തൊമ്പതുകാരൻ. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തന്നെ ഈ താരത്തിനു പിന്നാലെയുണ്ട്. 25 ദശലക്ഷം യൂറോയാണ് മൊണാകോ യുവതാരത്തിനിട്ടിരിക്കുന്ന മൂല്യം.
യുണൈറ്റഡിനെ കൂടാതെ ജർമൻ ക്ലബ്ബായ ബയേർ ലെവർകുസെനും താരത്തിനു പിന്നാലെയുണ്ട്. ഒരാഴ്ചയായി ഇവർ താരത്തിനുവേണ്ടി മൊണാകോയുമായി ചർച്ചകൾ നടത്തിയിരുന്നു. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നത് റയൽ മാഡ്രിഡും ഈ ഫ്രഞ്ച് താരത്തിനു വേണ്ടി മുൻനിരയിലുണ്ടെന്നാണ്.