ഫ്രഞ്ച് സൂപ്പർ ഡിഫൻഡർക്കായി യുണൈറ്റഡ്, നയം വ്യക്തമാക്കി താരം
ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി രുചിച്ചതിനാൽ പ്രതിരോധത്തിന്റെ ബലഹീനത തിരിച്ചറിയാൻ യൂണൈറ്റഡിനു സാധിച്ചു . ഇതോടെ ഒരു ഫുൾബാക്കിനെയും ഒരു സെൻട്രൽ ഡിഫന്ററെയും ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ചുവന്ന ചെകുത്താന്മാർ. ബ്രസീലിയൻ താരം അലക്സ് ടെല്ലസ്, അർജന്റീന താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരിലൊരാളെയാണ് ഫുൾബാക്ക് പൊസിഷനിലേക്ക് മാഞ്ചസ്റ്റർ ലക്ഷ്യം വെക്കുന്നത്.
ഒപ്പം സെൻട്രൽ ഡിഫൻഡർ സ്ഥാനത്തേക്ക് യുണൈറ്റഡ് ലക്ഷ്യമിട്ടിരിക്കുന്ന താരം ആർബി ലൈപ്സിഗ് താരം ഡായോട്ട് ഉപമെക്കാനോയെയാണ്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് ആരംഭം കുറിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്നുകാരനായ ഈ ഫ്രഞ്ച് താരം സമീപകാലത്ത് മിന്നും പ്രകടനമാണ് ലൈപ്സിഗിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡ് ഉൾപ്പടെയുള്ള വമ്പൻമാർ താരത്തെ ലക്ഷ്യമിട്ടിരുന്നു.
— Mirror Football (@MirrorFootball) September 24, 2020
” ഇപ്പോൾ എനിക്ക് പറയാനുള്ളത്, ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ലൈപ്സിഗിലാണ്. ലൈപ്സിഗിന് വേണ്ടി കളിക്കുന്നത് തുടരുകയും ചെയ്യും. അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഇപ്പോൾ ഞാൻ ലൈപ്സിഗിനൊപ്പമാണ്. പക്ഷെ പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെന്നത് സത്യമാണ്. ഫുട്‍ബോളിൽ എന്താണ് സംഭവിക്കുകയെന്നത് ഒരിക്കലും മുൻകൂട്ടി കാണാൻ നമുക്ക് സാധിക്കില്ല. ” ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിൽ ഉപമെക്കാനോ മനംതുറന്നു.
ലൈപ്സിഗുമായി നിലവിൽ താരത്തിന് 2023 വരെ കരാർ ഉണ്ട്. ലൈപ്സിഗ് താരത്തെ വിട്ടുനൽകാൻ തയ്യാറല്ലയെങ്കിൽ പുതിയ കരാർ പ്രകാരമുള്ള താരത്തിന്റെ റിലീസ് ക്ളോസായ 52 മില്യൺ പൗണ്ട് യുണൈറ്റഡ് നൽകേണ്ടി വരും. ഇത്തരത്തിലാണ് സാഹചര്യമെങ്കിലും യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായെക്കില്ല. റയലിനൊപ്പം മാഞ്ചസ്റ്റർ സിറ്റി, ബയേൺ, പിഎസ്ജി എന്നിവരും താരത്തിനായി ട്രാൻസ്ഫർ വിപണിയിൽ സജീവമാണ്.