പ്രതിരോധം ശക്തിപ്പെടുത്താൻ ബ്രസീൽ-അർജന്റൈൻ താരങ്ങളെ നോട്ടമിട്ടു മാഞ്ചസ്റ്റർ യുണൈറ്റഡ്

അടുത്ത സീസണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധനിരയിലേക്ക് ഒരു മികച്ച താരത്തെ അന്വേഷിക്കാൻ പരിശീലകൻ ഒലെ ഗണ്ണർ സോൽക്ഷർ ശ്രമമാരംഭിച്ചിട്ട് മാസങ്ങളായി. പ്രത്യേകിച്ച് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്കാണ് താരത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ കളിക്കുന്ന ലുക്ക് ഷോയുമായി മത്സരിക്കാൻ ഒരു താരം വേണം എന്നാണ് സോൾഷ്യാറുടെ നിലപാട്.

ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിച്ചിരുന്നത് റയൽ മാഡ്രിഡ്‌ താരം സെർജിയോ റെഗിലോണിനെ ആയിരുന്നു.എന്നാൽ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ടോട്ടൻഹാം താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ യുണൈറ്റഡ് മറ്റൊരു താരത്തെ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ബ്രസീലിയൻ താരം അലക്സ് ടെല്ലസിലേക്ക് യുണൈറ്റഡിന്റെ കണ്ണെത്തുന്നത്. നിലവിൽ പോർട്ടോക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് ടെല്ലസ്. ഇരുപത്തിയേഴുകാരനായ താരത്തിന്റെ പോർട്ടോയിലുള്ള അവസാനവർഷമാണ് ഇത്.

ബ്രസീലിയൻ താരത്തെ ലഭിക്കാതെ പോയാലും പകരമായി അർജന്റൈൻ താരത്തിനെയും യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്. അയാക്സിന്റെ അർജന്റൈൻ പ്രതിരോധതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെയാണ് യുണൈറ്റഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുപത്തിമൂന്ന് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി അയാക്സ് താരത്തിനിട്ടിരിക്കുന്ന മൂല്യം.

എന്തായാലും ടെല്ലസിനെയോ ടാഗ്ലിയാഫിക്കോയെയോ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. നിലവിലെ യുണൈറ്റഡിന്റെ പ്രതിരോധനിര ഏറെ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മൂന്ന് ഗോളുകൾ വഴങ്ങികൊണ്ടാണ് ക്രിസ്റ്റൽ പാലസിനോട് യുണൈറ്റഡ് അടിയറവു പറഞ്ഞത്. ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതിന് മുൻപുതന്നെ പ്രതിരോധത്തിന് ശക്തി കൂട്ടാനുള്ള നീക്കമാണ് യുണൈറ്റഡ് നടത്തുന്നത്.

You Might Also Like