ബാഴ്‌സ സൂപ്പര്‍ താരത്തിനായി വലവിരിച്ച് യുണൈറ്റഡ്, വരുന്നത് സാഞ്ചോക്ക് പകരം!

ഡോര്‍ട്മുണ്ട് വിങ്ങര്‍ ജേഡന്‍ സാഞ്ചോക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെങ്കിലും വിലയിലുള്ള അസ്വാരസ്യങ്ങള്‍ യുണൈറ്റഡിനെ മാറ്റിചിന്തിപ്പിച്ചിരിക്കുകയാണ്. ജേഡന്‍ സാഞ്ചോയെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ ബാഴ്സലോണ സൂപ്പര്‍താരം ഉസ്മാന്‍ ഡെമ്പെലേക്ക് വേണ്ടി ശ്രമിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജേഡന്‍ സാഞ്ചോക്ക് ഡോര്‍ട്മുണ്ട് 100 മില്യനു മുകളില്‍ വിലയിട്ടിരിക്കുന്നതിനാലാണ് പകരമായി ഉസ്മാന്‍ ഡെമ്പെലേക്ക് വേണ്ടി ശ്രമിക്കാന്‍ യുണൈറ്റഡിനെ പ്രേരിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ കൊറോണക്ക് ശേഷം മികച്ച കളി പുറത്തെടുക്കുന്ന യുണൈറ്റഡ് അടുത്ത സീസണില്‍ കിരീടങ്ങള്‍ നേടുന്നതിനായി മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനാണു പദ്ധതിയിടുന്നത്.
പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോല്‍ക്ഷേര്‍ അടുത്ത സീസണിലേക്ക് ഉറപ്പായും ഒരു മിഡ്ഫീല്‍ഡറെയും ഒരു വിങ്ങറേയും വാങ്ങാന്‍ തീരുമാനിച്ചെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുണ്ടസ്ലിഗയില്‍ 20 ഗോളുകളും അത്രയും തന്നെ അസിസ്റ്റുകളുമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന സാഞ്ചോ തന്നെയാണ് യുണൈറ്റഡിന്റെ ആദ്യലക്ഷ്യം. നടന്നില്ലെങ്കില്‍ പകരക്കാരനായി ഡെമ്പെലേക്ക് ശ്രമിക്കും.
ട്രാന്‍സ്ഫറിനായി കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാര്‍ക്കോസ് റോഹോ, അലക്‌സിസ് സാഞ്ചസ്, ഫില്‍ ജോണ്‍സ്, ക്രിസ് സ്മാളിങ് എന്നിവരെ വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. കൂടാതെ വരുന്ന മാസങ്ങളില്‍ തന്നെ ജെസ്സെ ലിംഗാര്‍ഡ്, ഡീഗോ ഡലോട് എന്നീ യുവതാരങ്ങളെയും ട്രാന്‍സ്‌ഫെറില്‍ വിറ്റൊഴിക്കും.