സ്റ്റേഡിയത്തിൽ ആരാധകരുണ്ടായിരുന്നെങ്കിൽ ജയിക്കുമായിരുന്നു, ചെൽസിയുമായുള്ള സമനിലയെക്കുറിച്ച് ഒലെ

Image 3
EPLFeaturedFootball

ചെൽസിക്കെതിരായി നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരിക്കുകയാണ്. നാലു ദിവസം മുൻപ് ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജിയെ അവരുടെ തട്ടകത്തിൽ തകർത്തതിന്റെ  ഊർജവുമായി വന്ന യുണൈറ്റഡിനു ചെൽസിക്കെതിരെ ഗോൾ നേടാനാവാതെ പോവുകയായിരുന്നു.

ചെൽസിയുടെ പുതിയ ഗോൾകീപ്പറായ എഡ്‌വാർഡ് മെന്റിയുടെ മികച്ച പ്രകടനമാണ്  ചെൽസിക്ക് തുണയായത്. റഷ്ഫോർഡിന്റെ ഗോളെന്നുറച്ച രണ്ടു ശ്രമങ്ങളാണ് മെന്റി സേവ് ചെയ്തത്. സമനിലയിലായെങ്കിലും ഫാൻസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിൽ യുണൈറ്റഡിനു ജയിക്കാനാവുമായിരുന്നുവെന്നാണ്   യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾക്ഷേറിന്റെ പക്ഷം. മത്സരശേഷം ഫാൻസിനെ വളരെയധികം മിസ് ചെയ്യുന്നുവെന്നും ഒലെ അഭിപ്രായപ്പെട്ടു.

” ഒരാഴ്ചയിൽ തന്നെ രണ്ടു ടീമുകൾക്കെതിരെയാണ് കളിക്കേണ്ടി വന്നത്.  അതു കൊണ്ടു തന്നെ ആദ്യപകുതി അത്ര മികച്ചതല്ലായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് കൂടുതൽ സമ്മർദം ചെലുത്താൻ സാധിച്ചു. സ്‌ട്രെറ്റ്ഫോർഡ് എന്റിൽ ഫാൻസ്‌ കൂടിയുണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഒരു പക്ഷെ ഗോൾ നേടാനായേനെ.”

“ഞങ്ങളാരാണെന്നു അവർക്ക് കാണിച്ചു കൊടുത്തു. തിയാഗോ സിൽവ തടുത്ത ഷോട്ട് മികച്ചത് തന്നെയായിരുന്നു. രാഷ്‌ഫോർഡിനെതിരെ ഗോൾകീപ്പർ നടത്തിയ രണ്ടു സേവുകളും മികച്ചവയായിരുന്നു. സ്റ്റേഡിയമോ അല്ലെങ്കിൽ സ്‌ട്രെറ്റ്ഫോർഡ് എൻഡ് മാത്രമോ ഫാൻസിനെക്കൊണ്ടു നിറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സമ്മർദം ചെലുത്താൻ സാധിക്കുമായിരുന്നു. അതൊരു നഷ്ടം തന്നെയാണ് മത്സരത്തിൽ. ഞങ്ങൾ ഫാൻസിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.”ഒലെ മത്സരശേഷം പറഞ്ഞു