അവന്‍ കൊടുങ്കാറ്റ്, ഇന്ത്യയുടെ ബൗളിംഗ് മുഖമായി മാറും, പ്രവചിക്കുന്നതാരെന്നറിഞ്ഞാല്‍ ഞെട്ടും

ഐപിഎല്ലില്‍ പന്ത് കൊണ്ട് കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസകൊണ്ട് മൂടി ലങ്കന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ്. ഉമ്രാന്‍ മാലിക് ലോകക്രിക്കറ്റിലെ തന്നെ പ്രധാന ബൗളറായി മാറുമെന്നും ഇന്ത്യയുടെ ബൗ ളിംഗ് ആക്രമണത്തിന്റെ മുഖമായി മാറുമെന്നുമാണ് ചാമിന്ദവാസ് പ്രവചിക്കുന്നത്.

‘ഓരോ ദിവസവും കൂടുതല്‍ മികവാര്‍ജിക്കുകയാണ് ഉമ്രാന്‍ മാലിക്. അവസാന ഐപിഎല്‍ മത്സരത്തിലും ഇത് കണ്ടു. സ്ഥിരതയോടെ ഉമ്രാന്‍ പന്തെറിയുകയാണ്. ടി20 ക്രിക്കറ്റില്‍ കൃത്യത വളരെ പ്രധാനമാണ്. ടീം ഇന്ത്യയുടെ മികച്ച ബൗളറായി അവന്‍ മാറും. ടീം ഇന്ത്യ അവസരം നല്‍കിയാല്‍ ഭുംറയ്‌ക്കൊപ്പം ഉമ്രാന്‍ തകര്‍ത്തെറിയും’ ചാമിന്ദ വാസ് വിലയിരുത്തുന്നു.

ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച പേസറായി വിലയിരുത്തുന്ന താരമാണ് ചാമിന്ദ വാസ്. 111 ടെസ്റ്റില്‍ 355 ഉം 322 ഏകദിനത്തില്‍ 400 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വാസ് സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ സ്ഥിരമായി പന്തെറിഞ്ഞ് ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്. സീസണില്‍ ഇതിനകം 21 വിക്കറ്റ് നേടി. സീസണിലെ ഉയര്‍ന്ന നാലാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് നേടാതെ റണ്‍സ് വഴങ്ങിയതിന് ഏറെ പഴി കേട്ടെങ്കിലും അതിശക്തമായി തിരിച്ചുവന്നു ഉമ്രാന്‍ മാലിക്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സിനോട് സണ്‍റൈസേഴ്സ് മൂന്ന് റണ്‍സിന്റെ നിര്‍ണായക വിജയം നേടിയത് രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗ് മികവിലും ഉമ്രാന്‍ മാലിക്കിന്റെ ബൗളിംഗ് മികവിലുമായിരുന്നു.

You Might Also Like