ഇന്ന് ഞങ്ങളായിരുന്നു ഇര, രൂക്ഷ വിമര്‍ശനവുമായി കോഹ്ലി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യ്ക്ക് ശേഷം അമ്പറിംഗിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്‌നല്‍ മറികടക്കാന്‍ വ്യക്തമായ തെളിവ് വേണമെന്ന നിയമം ചോദ്യം ചെയ്താണ് ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്. നിയമങ്ങള്‍ ലളിതമാക്കണമെന്ന് കോഹ്ലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താക്കല്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലി വാര്‍ത്ത സമ്മേളനത്തില്‍ അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്നതിനിടെ കോഹ്ലി രംഗത്തെത്തിയത്.

 

‘ടെസ്റ്റ് പരമ്പരയില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ രഹാനെയുടെ തൊട്ടടുത്ത് നില്‍ക്കുകയാണ്. രഹാനെ ക്യാച്ച് എടുത്തു. എന്നാല്‍ പന്ത് ഗ്രൗണ്ടില്‍ മുട്ടിയോ എന്ന് സംശയമായി. ഇതോടെ തേര്‍ഡ് അമ്പയറിലേക്ക് വിട്ടു. അര്‍ധാവസരമാണ് അത് എങ്കില്‍, ഫീല്‍ഡര്‍ക്ക് ഉറപ്പില്ല എങ്കില്‍ സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുന്ന അമ്പയര്‍ക്ക് അത് വ്യക്തമായി കാണാന്‍ ഒരു സാധ്യതയും ഇല്ല’ കോഹ്ലി പറഞ്ഞു.

‘സോഫ്റ്റ് സിഗ്‌നലുകള്‍ നിര്‍ണായകമാണ്. അത് നമ്മളെ കുഴയ്ക്കുകയും ചെയ്യുന്നു. അവിടെ ഉറപ്പിക്കാവുന്ന തെളിവ് ഉണ്ടാവുമോ? ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് എനിക്കറിയില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള നിയമം വേണം. കളിയുടെ ഗതി തിരിക്കാന്‍ പാകത്തില്‍ അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ വരും. പ്രത്യേകിച്ച് പ്രാധാന്യം അര്‍ഹിക്കുന്ന വലിയ മത്സരങ്ങളില്‍. ഇന്ന് ഞങ്ങളായിരുന്നു ഇര. നാളെ മറ്റേതെങ്കിലും ടീമായിരിക്കും’ കോഹ്ലി പറഞ്ഞു.

ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ജയിച്ച് കയറിയിരുന്നു. ഏഴ് റണ്‍സിനാണ് നാലാം ടി20യില്‍ ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര 2-2ന് ഇന്ത്യ സമനിലയിലായിരുന്നു.