അവന്റെ ഇന്ത്യയിലെ റെക്കോര്‍ഡ് ഞെട്ടിക്കുന്നതാണ്, ഒരു വലിയ തിരിച്ചുവരവാകട്ടെ ഇത്

ഷെമീം അബ്ദുല്‍ മജീബ്
ഇംഗ്ലണ്ടുമായുള്ള 4ാം ടെസ്റ്റ് ആരംഭിക്കുന്നു. സ്പിന്നിന് വളരെ പ്രാധാന്യം നല്‍കിയ ഈ സീരിസിലെ അവസാന മല്‍സരത്തിന് ജസ്പ്രീത് ബുംറയില്ല. അരങ്ങേറിയത് മുതല്‍ ഇത് വരെ നല്ല പ്രകടനം കാഴ്ചവെച്ച സിറാജും പരിക്ക് മാറി തിരിച്ചെത്തുന്ന ഉമേഷ് യാദവും ആണ് ബുംറയുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
പരിചയ സമ്പന്നതയും അതിലുപരി ഇന്ത്യന്‍ പിച്ചുകളിലെ ഏറ്റവും മികച്ച പേസ് ബൗളറുമായ ഉമേഷ് യാദവിനാണ് എന്ത് കൊണ്ടും മുന്‍തൂക്കം. 4 വിക്കറ്റ് കൂടി എടുക്കാന്‍ കഴിഞ്ഞാല്‍ ഉമേഷ് ഇന്ത്യയില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന 5-മത്തെ പേസ് ബൗളറാവും .
ഇന്ത്യയില്‍ മിനിമം 10 ടെസ്റ്റ് മല്‍സരങ്ങള്‍ എങ്കിലും കളിച്ച പേസ് ബൗളര്‍മാരില്‍ ഉമേഷ് യാദവിന്റെ ശരാശരി 24.54 ആണ് . സ്ട്രൈക്ക് റേറ്റ് 45.7. മുഹമ്മദ് ഷമി മാത്രമാണ് ഉമേഷിന് മുന്നില്‍ ഉളളത്.
2017 മുതല്‍ ഉമേഷിന്റെ ഇന്ത്യയിലെ കണക്കുകള്‍ എടുത്താല്‍ ഞെട്ടിപ്പിക്കുന്നതാണ്. 14 ടെസ്റ്റുകളില്‍ നിന്ന് 63 വിക്കറ്റുകള്‍ . ശരാശരി 19.34, സ്‌ട്രൈക്ക് റേറ്റ് വെറും 35.2 മാത്രം. ഉമേഷിന്റെ ഏകദേശം അടുത്തെത്തുന്നത് ഷമി മാത്രം. ഇന്ത്യയിലെ മികച്ച വിക്കറ്റ് ടേക്കര്‍മാരായ അശ്വിനും ജഡേജയും എല്ലാം ഇവര്‍ക്ക് പിറകിലാണ് വരുന്നത്.
എന്താണ് ഉമേഷിനെ ഇന്ത്യന്‍ കണ്ടീഷനിലെ മികച്ച ബൗളര്‍ ആക്കി മാറ്റുന്ന ഘടകം? സ്വിങ്, സീമിനെ വിശ്വസിക്കാതെ തുടക്കം മുതല്‍ സ്റ്റംപിനെ അറ്റാക്ക് ചെയ്യുന്ന രീതിയാണ് ഉമേഷ് അവലംബിക്കുന്നത്. മികച്ച പേസില്‍ സ്‌ക്കിഡ് ചെയ്ത് സ്റ്റംപിലേക്ക് വരുന്ന ബോളുകള്‍ക്ക് ലോ ബൗണ്‍സിന്റെ കൂടി സപ്പോര്‍ട്ട് കിട്ടുന്നതോടെ ഉമേഷ് ഏറ്റവും വിനാശകാരിയായ ബൗളര്‍ ആയി മാറുന്നു. പഴയ പന്തില്‍ വോബിള്‍ സീമില്‍ റിവേഴ്‌സ് സ്വിങ് കൂടി ഉമേഷിന് എറിയാന്‍ കഴിയുന്നുണ്ട്.
ഒരു പക്ഷേ വിദേശ പിച്ചുകളില്‍ ഉമേഷ് ഒരു പരാജയമായി മാറുന്നതും ഈ സ്റ്റംപ് ടു സ്റ്റംപ് ലൈന്‍ മൂലമാവാം. എന്തായാലും അവസാന ടെസ്റ്റില്‍ ഉമേഷ് കൂടി ഉള്‍പ്പെട്ടാല്‍ ഇംഗ്ലണ്ടിന്റെ തലവേദന കൂടുതലാകും. ഷമിക്കൊപ്പം ഇന്ത്യന്‍ കണ്ടീഷനിലെ ഏറ്റവും മികച്ച ബൗളറായ ഉമേഷ് നല്ലൊരു പ്രകടനത്തോടെ തിരിച്ച് വരട്ടെ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍