യൂറോയുടെ ടീം പ്രഖ്യാപിച്ചു; റൊണാൾഡോയെക്കാൾ മികച്ചവൻ ഈ താരമെന്ന് യുവേഫ

Image 3
Euro 2020

യൂറോകപ്പിലെ മികച്ച പതിനൊന്ന് കളിക്കാരുടെ ടീം പ്രഖ്യാപിച്ച് യുവേഫ. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവായ ക്രിസ്റ്റിയാനോ റൊണാൾഡോയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. റൊണാൾഡോയെക്കാൾ മികച്ച സ്‌ട്രൈക്കർ ബെല്ജിയത്തിന്റെ റൊമേലു ലുക്കാക്കുവാണ് എന്നാണ് യുവേഫ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഗോളടിവീരനായ പാട്രിക്ക് ഷിക്കിനെയും തഴഞ്ഞാണ് ലുക്കാക്കുവിന് യുവേഫയുടെ ടീമിൽ ഇടംനൽകിയിരിക്കുന്നത്.


യൂറോ ചാമ്പ്യന്മാരായ ഇറ്റലിയിൽ നിന്നും അഞ്ചു പേർ ടീമിലിടം പിടിച്ചു. ഗോൾ കീപ്പറായി ടൂർണമെന്റിന്റെ താരം ഡൊണ്ണരുമ്മ ഇടം നേടി. ഇറ്റാലിയൻ പ്രതിരോധത്തിലെ ആണിക്കല്ല് ലിയാനാർഡോ ബൊനൂച്ചിക്കൊപ്പം, ഇംഗ്ലീഷ് പ്രതിരോധതാരം ഹാരി മഗ്വയർ സെന്റർ ബാക്കായിടീമിലെത്തി.  ഇംഗ്ലണ്ടിന്റെ കൈൽ വാക്കർ റൈറ്റ് ബാക്കായും, ഇറ്റലിയുടെ സ്പിനസോള ലെഫ്റ് ബാക്കായും ടീമിലിടം നേടി.


ഇറ്റലിയുടെ ജോർഗീഞ്ഞോ, ഡെന്മാർക്കിന്റെ ഹൊയിബർഗ്, സ്പെയിനിന്റെ യുവതാരം പെഡ്രി എന്നിവർക്കാണ് മിഡ്‌ഫീൽഡിന്റെ ചുമതല. ഇറ്റലിയുടെ മിന്നും താരം കിയേസ, ഇംഗ്ലീഷ് താരം സ്റ്റെർലിംഗ് എന്നിവർ സ്‌ട്രൈക്കർ റൊമേലു  ലുക്കാക്കുവിന് പിന്തുണയുമായി തൊട്ടുപിന്നിൽ. ഇങ്ങനെയാണ് യുവേഫ പ്രഖ്യാപിച്ച യൂറോ ഇലവൻ.