ബാഴ്‌സക്ക് വൻതിരിച്ചടി, ചാമ്പ്യൻസ്‌ലീഗ് മത്സരം ക്യാമ്പ് നൗവിൽ നിന്നു മാറ്റുന്നു.

Image 3
Football

ബാഴ്സലോണയില്‍ കോവിഡ്-19 കേസുകള്‍ മൂലം വീണ്ടും താത്കാലിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് മാസം എട്ടിനു നടത്താനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിന്റെ വേദി മാറ്റേണ്ടി വരും. ക്യാമ്പ് നൗവിന് പകരംപുതിയ വേദി കണ്ടെത്തേണ്ടതായി വരുമെന്നും ഇതിനു പ്രതിവിധി സ്വീകരിച്ചിട്ടുണ്ടെന്നാണ് യുവേഫ വൈസ് പ്രസിഡന്റ് മിച്ചലെ യുവ സ്ഥിരീകരിച്ചു.

കോവിഡ് 19 കേസുകള്‍രണ്ടായിരത്തിനടുത്തെത്തിയതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ബാഴ്സലോണയില്‍ നടപ്പാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ബാഴ്സലോണ പ്രഖ്യാപിച്ചിരിക്കുകയാണ്. തെരുവില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

സ്വന്തം തട്ടകത്തില്‍ വലിയ ആധിപത്യമുള്ള ബാഴ്സലോണക്ക് മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റുന്നത് ലാലിഗ കൂടി നഷപ്പെട്ട ഈ സാഹചര്യത്തില്‍ വലിയ തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നാം പാദത്തില്‍ ബാഴ്സലോണ നാപോളിയുമായുള്ള മത്സരം 1-1നു സമനിലയില്‍ കലാശിച്ചിരുന്നു. 2013നു ശേഷം ക്യാമ്പ് നൗവില്‍ ബാഴ്സലോണ 35 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്.

ഔദ്യോഗികമായി നാപോളി ബാഴ്സലോണയില്‍ തന്നെയാണ് കളിക്കാന്‍ തീരുമാനമായിട്ടുള്ളതെങ്കിലും കോവിഡ് 19 മൂലം സുരക്ഷയുടെ ഭാഗമായി ഫുട്‌ബോള്‍ നിര്‍ത്തിവെക്കാന്‍ സ്‌പെയിനില്‍ നിയമം വരാനിടയാല്‍ മത്സരം പോര്‍ട്ടുഗലിലെ മറ്റൊരു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും നടക്കുകയെന്ന് യുവേഫ പ്രസിഡന്റ് അറിയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും പോര്‍ട്ടുഗലില്‍ വെച്ചു തന്നെയാണ് നടക്കുക. ഇതോടെ സ്വന്തം തട്ടകത്തില്‍ അധിപത്യത്തോടെ നാപോളിയെ നേരിടാനുള്ള ബാഴ്സലോണക്കുള്ള അവസരമാണ് തുലാസിലായിരിക്കുന്നത്.