കോളക്ക് നഷ്ടം പറ്റി; റൊണാൾഡോയ്ക് എതിരെ വാളോങ്ങി യുവേഫ

Image 3
Euro 2020

താരങ്ങൾ പ്രസ്സ് മീറ്റിൽ സ്പോണ്സർമാരുടെ ചിഹ്നങ്ങൾ എടുത്തുമാറ്റുന്നതിനെതിരെ യുവേഫ. തിങ്കളാഴ്ച ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റിയത് യൂറോകപ്പ് സ്പോൺസർമാരായ കൊക്കക്കോളക്ക് കോടികളുടെ നഷ്ടം വരുത്തിവച്ചിരുന്നു.

തിങ്കളാഴ്ച പ്രസ്സ് മീറ്റ് ടേബിളിൽ വച്ച കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റിയ റോണോ വെള്ളം കുടിക്കുന്നതാണ് കൊക്കക്കോളയെക്കാൾ നല്ലത് എന്നും പറഞ്ഞു. ഇതേ തുടർന്ന് കൊക്കക്കോളക്ക് ഷെയർമാർക്കറ്റിൽ നാല് ബില്യണോളം ഡോളർ ഒറ്റദിവസം കൊണ്ട് നഷ്ടം സംഭവിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.

ഒരുദിവസത്തിന് ശേഷം ഇതേ മാതൃക പിൻപറ്റി ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബ ടേബിളിൽ വച്ച ബിയർ ബോട്ടിലുകൾ എടുത്തുമാറ്റിയിരുന്നു. കൂടുതൽ താരങ്ങൾ ഈ മാതൃക പിന്തുടർന്നാൽ സ്പോണ്സർമാർക്ക് അത് കനത്ത നഷ്ടം വരുത്തിവയ്ക്കും. ഇത് മുൻകൂട്ടി കണ്ടാണ് യുവേഫ നടപടി.

സ്പോണ്സർമാരില്ലാതെ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അതിനാൽ തന്നെ കൂടുതൽ ബഹുമാനത്തോടെ സ്പോണ്സർമാരോട് ഇടപെടണമെന്നും യുവേഫ എല്ലാ ടീമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുവേഫ അധികൃതർ പറയുന്നു.

സ്പോണ്സർമാരുമായി യുവേഫ കരാറിൽ ഏർപ്പെട്ടിട്ടുള്ളതാണ് എന്നും ഇത് പാലിക്കാൻ കളിക്കാർ എല്ലാവരും ബാധ്യസ്ഥരാണ് എന്നും ടൂർണമെന്റ് ഡയറക്ടർ മാർട്ടിൻ കെല്ലെൻ പറഞ്ഞു. റൊണാൾഡോയുടെ നടപടി അതിരുകടന്നുവെന്ന് വിലയിരുത്തിയ കെല്ലെൻ എന്നാൽ അച്ചടക്കനടപടിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല എന്നും വ്യക്തമാക്കി.