ബാഴ്സക്ക് മുട്ടിടിക്കും, റൊണാൾഡോ റയലിനെതിരെ കളിക്കാൻ സാധ്യത; ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് അവസാനിച്ചു

ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ട പോരാട്ടങ്ങൾ ഉറപ്പു നൽകി ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ ബാക്കിയുള്ള മത്സരങ്ങളുടെ നറുക്കെടുപ്പു സമാപിച്ചു. നിലവിൽ പ്രീ ക്വാർട്ടറിൽ നിന്നും ക്വാർട്ടറിലേക്കു മുന്നേറിയ ടീമുകളെയും പ്രീ ക്വാർട്ടർ മത്സരങ്ങൾ കഴിയാനുള്ള ടീമുകളെയും ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പു നടത്തിയത്. ക്വാർട്ടർ സെമി മത്സരങ്ങളുടെ നറുക്കെടുപ്പാണ് പൂർത്തിയായത്.

ആദ്യ ക്വാർട്ടർ തന്നെ വമ്പന്മാർക്ക് പോരാടുള്ള വേദിയാകാനാണു സാധ്യത. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലെ വിജയിയും യുവന്റസും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയിയും തമ്മിലാണ് ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുക. രണ്ടാമത്തെ ക്വാർട്ടറിൽ ആർബി ലീപ്സിഗും അറ്റ്ലറ്റികോ മാഡ്രിഡും മത്സരിക്കും.

ബാഴ്സ നാപോളിയെ മറികടന്നാലും കരുത്തരായ ബയേണായിരിക്കും എതിരാളികൾ. ബാഴ്സയും നാപോളിയും തമ്മിലുള്ള മത്സരത്തിലെ വിജയി ബയേണും ചെൽസിയും തമ്മിലുള്ള വിജയിയെ മൂന്നാം ക്വാർട്ടറിൽ നേരിടും. നാലാമത്തെ ക്വാർട്ടർ ഫൈനൽ അറ്റലാന്റയും പിഎസ്ജിയും തമ്മിലാണ്.

ഒന്നാം സെമി ഫൈനൽ മത്സരത്തിൽ റയൽ, മാഞ്ചസ്റ്റർ സിറ്റി, യുവൻറസ്, ലിയോൺ ടീമുകളിൽ ഒരാൾ ബാഴ്സ, നാപോളി, ബയേൺ, ചെൽസി ടീമുകളിൽ ഒന്നിനെ നേരിടും. രണ്ടാം സെമി ഫൈനൽ ലീപ്സിഗ്, അറ്റ്ലറ്റികോ മാഡ്രിഡ് എന്നിവരിലൊരാളും അറ്റലാന്റ, പിഎസ്ജി എന്നിവരിൽ ഒരു ടീമും തമ്മിലായിരിക്കും.

You Might Also Like