ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്: ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതൊക്കെയെന്ന് തീരുമാനമായി

ഫുട്ബോൾ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ഇന്റർ മിലാൻ, എസി മിലാൻ, നാപ്പോളി എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

കഴിഞ്ഞ സീസണിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ചെൽസിയാണ് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ. കഴിഞ്ഞ സീസണിലും ചെൽസിക്കെതിരെ തന്നെയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിച്ചത്. ഇരുപാടങ്ങളിലുമായി നാലിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഈ സീസണിലെ ഫോം പരിഗണിക്കുമ്പോഴും റയലിന് തന്നെയാണ് സാധ്യത.

മറ്റൊരു വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകൾ ക്വാർട്ടറിൽ വന്നതോടെ സെമിയിൽ ഇവരിലൊരാൾ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും ആവേശകരമായ പോരാട്ടം ഈ രണ്ടു ടീമുകളും തമ്മിൽ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറ്റൊരു മത്സരം ഇന്റർ മിലാനും ബെൻഫിക്കയും തമ്മിലാണ്. ഈ സീസണിൽ മികച്ച ഫോമിലാണ് ബെൻഫിക്ക ചാമ്പ്യൻസ് ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അവർ പിഎസ്‌ജിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. രണ്ടു ടീമുകളും ഒരുപോലെ കരുത്തരാണ് എന്നതിനാൽ തന്നെ ഈ മത്സരത്തിലും ആർക്കു വേണമെങ്കിലും വിജയം നേടാനുള്ള സാധ്യതയുണ്ട്.

ക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരം ഇറ്റാലിയൻ ടീമുകളായ എസി മിലാനും നാപ്പോളിയും തമ്മിലാണ്. മൂന്ന് ഇറ്റാലിയൻ ടീമുകൾ ക്വാർട്ടറിൽ ഇടം നേടിയ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് നാപ്പോളി. സീരി എയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന അവർക്ക് തന്നെയാണ് ക്വാർട്ടറിൽ വിജയസാധ്യതയുള്ളത്.

സെമി ഫൈനലിൽ നാപ്പോളിയും എസി മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ഇന്റർ മിലാനും ബെൻഫിക്കയും തമ്മിൽ നടന്ന മത്സരത്തിലെ വിജയിയെ നേരിടും. സെമി ഫൈനലിലും സീരി എ ക്ലബുകൾ തമ്മിലുള്ള പോരാട്ടം നടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരു സെമി ഫൈനലിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിലുള്ള മത്സരത്തിലെ വിജയി മാഞ്ചസ്റ്റർ സിറ്റിയെയോ ബയേണിനെയോ നേരിട്ടും.

You Might Also Like