ചാമ്പ്യന്‍സ് ലീഗ് നടക്കും, ഫൈനലിനുളള പുതിയ തീയ്യതി പുറത്ത് വിട്ട് യുവേഫ

സൂറിച്ച്: കോവിഡ് 19 വ്യാപനം മൂലം പാതിവഴിയില്‍ നില്‍ക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഓഗസ്റ്റ് 29ന് നടത്താമെന്ന നിര്‍ദേശവുമായി യുവേഫ. അടുത്ത വ്യാഴാഴ്ച ചേരുന്ന യുവേഫയുടെ യോഗത്തില്‍ തിയ്യതിയുടെ കാര്യം അന്തിമമായി തീരുമാനമാവും.

ചാമ്പ്യന്‍സ് ലീഗില്‍ ആകെയുള്ള എട്ട് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരങ്ങളില്‍ നാലെണ്ണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കോവിഡ് ആശങ്കയെ തുടര്‍ന്ന് യൂറോപ്പില്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് ആദ്യവാരത്തിന് ശേഷം മത്സരങ്ങള്‍ നടന്നിട്ടില്ല. മെയ് വരെ മത്സരങ്ങളുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

മെയ് അവസാന വാരം മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. എല്ലാ ലീഗുകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കുക. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മെയ് 30നാണ് നിശ്ചയിച്ചിരുന്നത്. ഇസ്താംബൂളാണ് വേദി.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മൂന്നുദിവസംമുമ്പാണ് യൂറോപയും നിശ്ചയിച്ചിരുന്നത്. യൂറോപ ഫൈനലും ആഗസ്ത് അവസാനം നടക്കും. ഇതോടെ യൂറോപ്യന്‍ ലീഗുകള്‍ അടുത്ത സീസണില്‍ വൈകിയേക്കും.

You Might Also Like