യുവന്റസിനെ ഞെട്ടിച്ചു ഉഡിനീസെ! കിരീടമോഹങ്ങൾക്ക് വൻ തിരിച്ചടി
കിരീടം ഉറപ്പിച്ചിറങ്ങിയ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് അട്ടിമറി തോൽവി. തരംതാഴ്ത്തലിന്റെ വക്കത്തുണ്ടായിരുന്ന ഉഡിനീസേയോടാണ് ക്രിസ്റ്റിയാനോയും
കൂട്ടരും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ഉഡിനീസേയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുവന്റസ് പരാജയമേറ്റുവാങ്ങിയത്.
ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ യുവന്റസിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ അടിച്ചു കൂട്ടി ഉഡിനീസെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ രണ്ടാം സ്ഥാനക്കാരുമായുള്ള യുവന്റസിനുള്ള അകലം ആറായി കുറഞ്ഞു. 35 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിന് 80പോയിന്റും അറ്റലാന്റക്ക് 74 പോയിന്റുമാണ്.
ക്രിസ്ത്യാനോ റൊണാൾഡോ, പൌലോ ഡിബാല എന്നീ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് മൗറിസിയോ സാരി ഉഡിനീസേക്കെതിരെയുള്ള ആദ്യഇലവൻ പ്രഖ്യാപിച്ചത്. എന്നാൽ യുവന്റസിന് ഗോൾ നേടാൻ മത്സരത്തിന്റെ 42-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. പതിവുതെറ്റിച്ച് പ്രതിരോധനിര താരം ഡിലൈറ്റ് ആണ് ഒരു തകർപ്പൻ നെടുനീളൻ ഷോട്ടിലൂടെ വലകുലുക്കി യുവന്റസിനെ മുന്നിലെത്തിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കെൻ സെമയുടെ ക്രോസിൽ നിന്ന് ഒരു പറക്കും ഹെഡറിലൂടെ നെസ്റ്റോറൊവ്സ്കി ഉഡിനീസെക്ക് സമനില നേടിക്കൊടുത്തു. എന്നാൽ രണ്ടാം പകുതിയുടെ അധികസമയത്താണ് യുവന്റസിന്റെ ഞെട്ടിച്ചു കൊണ്ട് ആ ഗോൾ പിറന്നത്.
സെക്കോ ഫൊഫാന പന്തുമായി ഒറ്റക്ക് മുന്നേറി യുവന്റസ് പ്രതിരോധനിരയെയും ഗോൾകീപ്പറെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. ഇതോടെ ഈ മത്സരം വിജയിച്ചു കിരീടം ഉറപ്പിക്കാനുള്ള യുവന്റസിന്റെ ശ്രമം വിഫലമാവുകയായിരുന്നു.