നിര്‍ഭാഗ്യം വേട്ടയാടിയ ആ മലയാളി താരം ഒടുവില്‍ ഐഎസ്എല്ലില്‍, റാഞ്ചിയത് ഈ ടീം

Image 3
FootballISL

വിപി സുഹൈറിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ കൂടി റാഞ്ചി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗോകുലം എഫ്‌സി ഗോള്‍കീപ്പറായിരുന്ന മലയാളി താരം സികെ ഉബൈദിനെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യൂറാന്റ് കപ്പില്‍ ഗോകുലത്തെ കിരീട വിജയത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഉബൈദ്.

ഗോകുലത്തിന് മുമ്പ് ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു ഉബൈദ് കളിച്ചിരുന്നത്. 13 മത്സരങ്ങളിലാണ് രണ്ട് വര്‍ഷത്തോളം നീണ്ട കാലയളവില്‍ കൊല്‍ക്കത്തന്‍ ടീമിനായി ഉബൈദ് വലകാത്തത്.

കൂത്തുപറമ്പിന്റെ സ്വന്തം ക്ലബായ ബ്രദേഴ്‌സ് ക്ലബിന്റെ വല കാത്തുകൊണ്ടാണ് ഉബൈദ് തന്റെ ഫുട്‌ബോള്‍ യാത്ര തുടങ്ങിയത്. വിവാ കേരള ടീമിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഉബൈദ് ഡെംപോ ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. പിന്നീട് മുംബൈയിലേക്ക് എത്തിയതാണ് ഉബൈദിന്റെ കരിയറില്‍ നിര്‍ണ്ണായകമായത്.

എയര്‍ ഇന്ത്യയുടേയും ഒ എന്‍ ജി സിയുടേയും വലകാത്ത ഉബൈദ് മഹാരാഷ്ട്രയേയും പ്രതിനിധീകരിച്ചു. 2015ല്‍ കേരളത്തില്‍ വെച്ചു നടന്ന ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയുടെ വലകാത്ത ഉബൈദ് ബ്രോണ്‍സ് മെഡലുമായാണ് മടങ്ങിയത്. സന്തോഷ് ട്രോഫിയിലും ഉബൈദ് മഹാരാഷ്ട്രയുടെ ഒന്നാം നമ്പര്‍ ഗോളിയായിരുന്നു.

നാലു വര്‍ഷത്തോളമായി മുംബൈ ഫുട്‌ബോളിലെ സജീവ സാന്നിദ്ധ്യമായി മാറിയ ഉബൈദ് പിന്നീട് കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരളയ്ക്കു കളിക്കാന്‍ വേണ്ടി വായ്പാടിസ്ഥാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ താരത്തിന് ഇതുവരെ ഐഎസ്എല്‍ കളിക്കാനുളള ഭാഗ്യം ലഭിച്ചിരുന്നില്ല. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 30ാം വയസ്സില്‍ ഉബൈദിനെ ഐഎസ്എല്‍ സൗഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

കണ്ണൂര്‍ കൂത്തുപറമ്പ് ടൗണില്‍ തന്നെ ഉള്ള പൊറക്കളം സ്വദേശിയാണ് ഉബൈദ് സി കെ. കൂത്തുപറമ്പ് മര്‍ഹൂം വീട്ടില്‍ ഉമ്മറിന്റേയും ശരീഫയുടേയും മകനായ ഉബൈദ് സികൈ വിനീതിന് ശേഷം ഐഎസ്എല്ലിലേക്കുള്ള കൂത്തുപറമ്പിന്റെ രണ്ടാം സംഭാവനയാണ്.