ഓസീസ് താരങ്ങള്‍ക്ക് മോഹവില വാഗ്ദാനം ചെയ്ത് യുഎഇ, ബിഗ് ബാഷ് പൊളിയും

Image 3
CricketCricket News

പ്രതി വര്‍ഷം നാല് കോടിയുടെ കരാര്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത് പുതുതായി തുടങ്ങുന്ന യുഎഇ ടി20 ലീഗ്. 15 ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ഈ ഓഫര്‍ യുഎഇ ടി20 ലീഗ് മുന്നോട്ട് വെക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഏറ്റവും വെട്ടിലാക്കുന്ന തീരുമാനമായി മാറി ഇത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബിഗ് ബാഷിന്റെ അതേ സമയത്ത് തന്നെയാണ് യുഎഇ ടി20 ലീഗ് നടക്കുന്നത്. ഇതോടെയാണ് വന്‍ വാഗ്ദാനം നല്‍കി ഓസ്‌ട്രേലിയന്‍ താരങ്ങളെ യുഎഇ ടി20 ലീഗിന്റെ ഭാഗമാക്കാന്‍ സംഘാടകര്‍ ശ്രമം നടത്തുന്നത്. ഈ മോഹവാഗ്ദാനത്തില്‍ എത്ര ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വീഴുമെന്ന് കണ്ട് തന്നെ അറിയണം.

അതെസമയം ക്രിക്കറ്റ് ലോകം അടക്കി വാഴുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് യുഎഇ ലീഗ് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളും പുറത്ത് വരുന്നുണ്ട്. മുന്‍ ഇന്ത്‌യന്‍ താരം ആകാശ് ചോപ്ര അടക്കമുളളവര്‍ അത്തരം അഭിപ്രായം ഉളളവരാണ്.

‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു ലക്ഷണമൊത്തൊരു പ്രതിയോഗിയാണ് യുഎഇ ലീഗ്. കളിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പണമാണ് അവരുടെ വിജയമന്ത്രം. ക്രിക്കറ്റ് കളിക്കാര്‍ അവിടത്തെ ചരക്കുകളാണ്. ലേല പ്രക്രിയയുടെ ഭാഗമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു’ ആകാശ് ചോപ്ര പറയുന്നു.

‘ക്രിക്കറ്റിന്റെ കോര്‍പ്പറേറ്റുവല്‍ക്കരണം ഇപ്പോള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ഒരു വര്‍ഷത്തില്‍ 365 ദിവസമുണ്ടെങ്കിലും 700 ദിവസത്തിന് തുല്യമായ ക്രിക്കറ്റാണ് ഇപ്പോള്‍ നടക്കുന്നത്. കളിക്കാരെ സൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും യുഎഇയും തര്‍ക്കത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് പിന്നിലേക്ക് പോകാന്‍ പോകുകയാണ്’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

നേരത്തെ രവി ശാസ്ത്രി അടക്കമുളളവര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കുറയ്ക്കണമെന്നും ഫ്രാഞ്ചസി ലീഗുകളില്‍ കളിക്കാരെ പരമാവധി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം രണ്ട് ഐപിഎല്‍ വരെ നടത്തണമെന്നാണ് ശാസ്ത്രിയുടെ നിര്‍ദേശം.