ഒരു ഐപിഎല്‍ ടീം കേരളത്തില്‍ നിന്നോ? രണ്ട് മലയാളി നഗരങ്ങള്‍ മത്സരത്തില്‍

ഐപിഎല്‍ 15ാം സീസണ്‍ മുതല്‍ രണ്ട് ടീമുകളെ കൂടി വര്‍ധിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ ആ ടീമുകള്‍ എവിടെ നിന്നാണെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പൊടിപൊടിയ്ക്കുന്നത്. ഒരു ടീം അഹമ്മദാബാദ് കേന്ദ്രമായി ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പായതോടെ അവശേഷിക്കുന്ന ടീം എവിടെ നിന്നും വരും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

നിലവില്‍ കേരളത്തില്‍ നിന്നും രണ്ട് നഗരങ്ങള്‍ ഐപിഎല്‍ ടീമിനായി മത്സരരംഗത്തുണ്ടെന്നതാണ് യാഥാര്‍ത്യം. കൊച്ചിയും തിരുവനന്തപുരവുമായിരിക്കും ഐപിഎല്‍ ടീമിനായി മത്സരിക്കുന്ന കേരളത്തിലെ നഗരങ്ങള്‍.

പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്‍ ഭരണസമിതി വൈകാതെ ടെണ്ടര്‍ ക്ഷണിക്കും. 8-10 നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കു അപേക്ഷിക്കാം. നിലവില്‍ ഫ്രാഞ്ചൈസികളുള്ള സംസ്ഥാനത്തു നിന്നും അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു സാധ്യത നല്‍കുന്നത്.

കേരളത്തിലെ നഗരങ്ങളെ കൂടാതെ അഹമ്മദാബാദ്, പൂനെ, ലഖ്നോ, കാണ്‍പൂര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, റായ്പൂര്‍, തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ടീമുകളായിരിക്കും ലേലത്തില്‍ മല്‍സരരംഗത്തുണ്ടാകും.

കേരളത്തില്‍ നിന്നൊരു പുതിയ ടീം ഐപിഎല്ലിലെത്തുകയാണെങ്കില്‍ അത് മോഹന്‍ ലാലിന്റെ കൂടി ഉടമസ്ഥതയിലുള്ളതായിരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലാലും കേരളത്തിലെ മറ്റൊരു വമ്പന്‍ ബിസിനസ് ഗ്രൂപ്പും ചേര്‍ന്നു ടീമിനു വേണ്ടി രംഗത്തു വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ വന്നിരുന്നു.

കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്‍ ഫൈനല്‍ നേരില്‍ കാണാന്‍ ലാല്‍ ദുബായ് സ്റ്റേഡിയത്തിലെത്തിയ ശേഷമായിരുന്നു ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇതേക്കുറിച്ച് ലാലോ ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

You Might Also Like