സിറ്റിക്ക് വീണ്ടും തിരിച്ചടി, രണ്ടു സൂപ്പർതാരങ്ങൾക്ക് കോവിഡ്

Image 3
EPLFeaturedFootball

കോവിഡ് പ്രീമിയർ ലീഗ്‌ ക്ലബ്ബുകളെ വീണ്ടും പിടിച്ചുലക്കുകയാണ്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചു. സിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം ഫുട്ബോൾ ലോകത്തെ അറിയിക്കുകയായിരുന്നു.

സിറ്റി താരങ്ങളായ റിയാദ് മെഹ്റസ്, അയ്മെറിക്ക് ലപോർട്ടെ എന്നീ സൂപ്പർതാരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇരുവരും ഒരു രോഗലക്ഷണങ്ങളും ഇതുവരെ കാണിച്ചിട്ടില്ലെന്ന് സിറ്റി വ്യക്തമാക്കുന്നു. രണ്ട് പേരും പ്രീമിയർ ലീഗിന്റെയും ഗവണ്മെന്റിന്റെയും നിയമം അനുസരിച്ചുകൊണ്ട് സ്വയം ഐസൊലേഷനിൽ പോയിട്ടുണ്ടെന്നും സിറ്റി വെളിപ്പെടുത്തി.

ഇരുതാരങ്ങളും എത്രയും പെട്ടന്ന് രോഗത്തിൽ നിന്ന് മുക്തി നേടി കളിക്കളത്തിലേക്ക് തിരിച്ചു വരട്ടെയെന്നും സിറ്റി ആശംസിച്ചിട്ടുണ്ട്. പുതിയ സീസൺ തുടങ്ങാനിരിക്കെ യൂറോപ്യൻ ക്ലബുകളിൽ വീണ്ടും താരങ്ങളിൽ കോവിഡ് പടർന്നു പിടിക്കുന്നത് ആശങ്കയിലാഴ്ത്തുന്നുണ്ട്.

2020/21 പ്രീമിയർ ലീഗ് സീസൺ സെപ്റ്റംബർ പന്ത്രണ്ടിനാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ ഇരുപത്തിയൊന്നിനാണ് സിറ്റിയുടെ ആദ്യമത്സരം നിശ്ചയിച്ചിരിക്കുന്നത്. വോൾവ്സിനെതിരെയാണ് ഇരുപത്തിയൊന്നാം തിയ്യതി സിറ്റി കൊമ്പുകോർക്കുന്നത്. കഴിഞ്ഞ സീസണിൽ ലിവർപൂളിന് മുമ്പിൽ അടിയറവ് വെച്ച കിരീടം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് പെപ്പും സംഘവും.