ധോണി നായകന്‍, ഗെയിലും അഫ്രീദിയും കോഹ്ലിയും ടീമില്‍
ടി20 ലോകകപ്പിലെ ഓള്‍ ടൈം ഇലവനെ പ്രഖ്യാപിച്ച് വിസ്ഡന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലിയും ഇടംപിടിച്ചു. ടി20ാകകപ്പിന്റെ ഏഴാം പതിപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കേയാണ് വിസ്ഡന്‍ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് ലോകകപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച പതിനൊന്ന് താരങ്ങളെ കണ്ടെത്തിയത്.
പാകിസ്ഥാനില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍, മൂന്നുപേര്‍. ഇന്ത്യയുടേയും വെസ്റ്റ് ഇന്‍ഡീസിന്റെയും രണ്ടുപേര്‍ വീതം ടീമില്‍ ഇടംപിടിച്ചു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സാമാനായ ക്രിസ് ഗെയ്‌ലും ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയുമാണ് ഓപ്പണര്‍മാര്‍.
ലോകകപ്പില്‍ 28 കളിയില്‍ നിന്ന് 920 റണ്‍സ് നേടിയിട്ടുള്ള ഗെയ്ല്‍ ഒമ്പത് വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടുതവണ വെസ്റ്റ് ഇന്‍ഡീസിനെ ലോക ചാമ്പ്യന്‍മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ടി 20 ലോകകപ്പില്‍ ആയിരത്തിലേറെ റണ്‍ നേടിയ ഏക ബാറ്റ്‌സ്മാനാണ് ജയവര്‍ധനെ. 31 കളിയില്‍ 1016 റണ്‍സ്. മൂന്നാമന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 16 കളിയില്‍ നേടിയത് 777 റണ്‍സ്.
മധ്യനിരയില്‍ കെവിന്‍ പീറ്റേഴ്‌സണ്‍, മാര്‍ലണ്‍ സാമുവല്‍സ്, മൈക്ക് ഹസ്സി എന്നിവരാണ് ഇടംനേടിയത്. വിക്കറ്റ് കീപ്പറും നായകനുമായി ഇന്ത്യയുടെ സ്വന്തം എം എസ് ധോണിക്ക് എതിരാളികളുണ്ടായിരുന്നില്ല. ഓള്‍റൗണ്ടറായി ടീമിലെത്തിയത് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി.
ഫാസ്റ്റ് ബൗളര്‍മാരായി ശ്രീലങ്കയുടെ ലസിത് മലിംഗയും പാകിസ്ഥാന്റെ ഉമര്‍ ഗുല്ലും സ്പിന്നറായി സയീദ് അജ്മലും ഇടം പിടിച്ചു