സുവാരസ് ബാഴ്‌സ വിട്ടേക്കും, പിന്നാലെയുള്ളത് രണ്ട് വമ്പൻ ക്ലബ്ബുകൾ

പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാനെത്തിയതോടെ ബാഴ്സയിൽ വലിയ മാറ്റങ്ങൾ ഉറപ്പായിരിക്കുകയാണ്. ക്ലബിലെ സീനിയർ താരങ്ങളിൽ പലർക്കും കൂമാന്റെ തന്ത്രങ്ങളിൽ പുതിയ സീസണിൽ സ്ഥാനമില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇതിനെ തുടർന്ന് സുവാരസും ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്.

ഒരു വർഷത്തേക്ക് സുവാരസിന് ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരത്തെ ഈ ട്രാൻസ്ഫറിൽ തന്നെ വിൽക്കാൻ ആണ് ബാഴ്സ ഉദ്ദേശിക്കുന്നത്. ഇതോടെ മുപ്പത്തിമൂന്നുകാരൻ ഉറുഗ്വായൻ സൂപ്പർതാരത്തിനു പിന്നാലെ ഒട്ടേറെ ക്ലബുകൾ രംഗപ്രവേശനം ചെയ്തുകഴിഞ്ഞു. വമ്പന്മാരായ അയാക്‌സും യുവന്റസും താരത്തിനു പിന്നാലെയുണ്ടെന്നു സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നു.

ലിവർപൂളിൽ എത്തുന്നതിന് മുൻപ് സുവാരസ് അയാക്സിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. സുവാരസ് തന്റെ ആദ്യക്ലബ്ബിലേക്ക് തിരിച്ചു പോവുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മറ്റൊരു ഓഫർ മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയാണ്. മുൻ ഇംഗ്ലീഷ് സൂപ്പർ താരം ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് ഇന്റർമിയാമി.

ഈ ട്രാൻസ്ഫറിൽ യുവന്റസിൽ നിന്ന് ബ്ലൈസ് മറ്റിയൂഡിയെ ഇന്റർമിയാമി സൈൻ ചെയ്തിരുന്നു. എന്തായാലും സുവാരസ് ബാഴ്‌സ വിടാൻ തീരുമാനമെടുത്താൽ ഏറ്റെടുക്കാൻ നിരവധി ക്ലബുകളാണ് പിറകെയുള്ളത്. ഈ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 21 ഗോളും 12 അസിസ്റ്റും ഈ ഉറുഗ്വായൻ താരം ബാഴ്സക്ക് വേണ്ടി നേടിയിട്ടുണ്ട്.

You Might Also Like