ചാമ്പ്യന്‍സ് ലീഗ് കളിക്കും മുമ്പ് അത്‌ലറ്റിക്കോയ്ക്ക് വന്‍ തിരിച്ചടി

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കൊരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി ടീമിലെ രണ്ടു താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ലിസ്ബണിലേക്ക് പറക്കും മുമ്പേ നടത്തിയ പരിശോധനയിൽ രണ്ട് പേരുടെ ഫലം പോസിറ്റീവ് ആവുകയായിരുന്നു. അത്ലറ്റികോ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ചാമ്പ്യൻസ് ലീഗിന് പുറപ്പെടും മുൻപ് ലാലിഗയുടെ പ്രോട്ടോകോൾ അനുസരിച്ചാണ് അത്ലറ്റികോ മാഡ്രിഡ്‌ കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് രണ്ടു പേർക്ക് പോസിറ്റീവ് ആയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ക്ലബ്‌ പുറത്ത് വിട്ടിട്ടില്ല.ആർ ബി ലെയ്പ്സിഗിനെതിരെ ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയാണ് ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കുന്നത്. ഇതിന് നാല് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് റിപ്പോർട്ട്‌ ചെയ്തത് ക്ലബ്ബിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ലാലിഗയുടെ പ്രോട്ടോകോൾ അനുസരിച്ച് വിദേശത്തേക്ക് മടങ്ങുന്നതിന്റെ അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് പരിശോധനക്ക് വിധേയരാവേണ്ടത്. ഈ പരിശോധനയിലാണ് അത്ലറ്റികോ മാഡ്രിഡിൽ താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ടീം ലിസ്ബണിലെക്ക് പറക്കുന്നതിന്റെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഈ രണ്ട് താരങ്ങളോടും ഐസൊലേഷനിൽ പോവാൻ ക്ലബ് നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഇവരോട് സമ്പർക്കം പുലർത്തിയ എല്ലാവരെയും ഒരിക്കൽ കൂടി പരിശോധനക്ക് വിധേയരാക്കിയേക്കും. ആ പരിശോധനയിലെ ഫലത്തെ അനുസരിച്ചായിരിക്കും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കളിക്കാനുള്ള സാധ്യതക്ക് വ്യക്തത വരുകയുള്ളു. കൂടുതൽ പേർക്ക് പിടിപെട്ടാൽ എന്ത് ചെയ്യുമെന്നുള്ള ആശങ്കയിലാണ് യുവേഫയും അത്ലറ്റികോ മാഡ്രിഡും.