ഇന്ത്യക്കും ഇതാ ഒരു യഥാർത്ഥ 360 ഡിഗ്രി ബാറ്സ്മാൻ; വിശ്വസ്തതയുടെ പര്യായം

Image 3
CricketTeam India

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരം ഇന്ത്യ വിജയിച്ചുകയറുമ്പോൾ അത്  വിശ്വസ്തനായൊരു ബാറ്സ്മാൻറെ പട്ടാഭിഷേകം കൂടിയായി മാറുകയാണ്. ഏതു ബാറ്റിംഗ് പൊസിഷനിൽ ഇറക്കിയാലും സാഹചര്യത്തിനൊത്തു കളിച്ചു ടീമിനെ ചുമലിലേറ്റാൻ ഇനി ഇന്ത്യക്കും ഒരു ‘മിസ്റ്റർ 360’ ബാറ്സ്മാനുണ്ട്. ഏറെ അവഗണനകൾക്ക് ശേഷം ടീമിലെത്തി ഇപ്പോൾ ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റാൻ കെൽപ്പുള്ള സൂര്യകുമാർ യാദവ്. ആരാധകരുടെ സ്വന്തം ‘സ്‌കൈ’ (SKY).

മൂന്നാം ടി20യിൽ 164 എന്ന സാമാന്യം ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയപ്പോൾ വിൻഡീസ് മനസ്സിൽ ജയമുറപ്പിച്ചിട്ടുണ്ടാവണം. വാർണർ പാർക്കിലെ ‘ചതഞ്ഞ’ പിച്ചിൽ ഒരു ടീമും ഇതിന് മുൻപ് 147 റൺസിന് മുകളിൽ പിന്തുടർന്ന് വിജയതീരം അണഞ്ഞിട്ടില്ല. എന്നാൽ ഓപ്പണറായി രോഹിതിനൊപ്പം സൂര്യ ഇറങ്ങിയപ്പോൾ കളിയാകെമാറി. വെറും 44 പന്തുകളിൽ 76 റൺസ് നേടിയ സൂര്യയുടെ ‘ആറാട്ടായിരുന്നു’ പിന്നീട് കണ്ടത്.

സാക്ഷാൽ എബി ഡിവിലിയേഴ്‌സിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ മൈതാനത്തിന്റെ നാലു ദിക്കിലേക്കും ഷോട്ടുകൾ പായിച്ചു കൊണ്ട് ഒരു യഥാർത്ഥ 360 ഡിഗ്രി ഇന്നിങ്‌സ്. എണ്ണം പറഞ്ഞ എട്ടു ഫോറുകളും, നാല് സികസറുകളും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. അൽസാരി ജോസഫിനെ എക്സ്ട്രാ കവറിനു മുകളിലൂടെ പറത്തിയ ആ ‘ലോഫ്റ്റഡ് സിക്സ്’ മാത്രം മതി ‘സ്കൈ’ യുടെ ഇന്നിംഗ്‌സിനെ വിലയിരുത്താൻ. ബാറ്റിംഗ് അത്രയൊന്നും എളുപ്പമല്ലാതിരുന്ന പിച്ചിൽ സ്ട്രൈറ് ബാറ്റ് ലോഫ്റ്റഡ് ഷോട്ടിന് ശേഷം ഏതാനും നിമിഷങ്ങൾ അതെ പോസിൽ സ്റ്റൈലിഷായി നിന്നുകൊണ്ടാണ് സൂര്യ തന്റെ സാങ്കേതികത്തികവ് വിളിച്ചോതിയത്. സൂര്യകുമാർ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

സൂര്യയുടെ ഇന്നിങ്‌സ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മുൻ താരങ്ങളടക്കം പ്രമുഖരെല്ലാം താരത്തെ പ്രശംസ കൊണ്ട് മൂടി.

ആരാധകരാവട്ടെ,  ‘മിസ്റ്റർ 360’ യുടെ രാജകീയമായ വരവിനെ വിളംബരം ചെയ്യുകയും ചെയ്തു.

https://twitter.com/ashrohitian2/status/1554546388548980736?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1554546388548980736%7Ctwgr%5E68d2aabf443e63b057c117d5ab2c9f03806f3507%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Fcricketnext%2Fnews%2Fmr-360-twitteratis-applaud-suryakumar-yadav-for-his-match-winning-knock-5677441.html

രോഹിത് ശർമ്മ പരിക്കേറ്റു പുറത്തുപോയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ (26 പന്തിൽ 24) സൂര്യക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്നു പടുത്തുയർത്തിയ 86 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയമുറപ്പിച്ചത്. വിജയത്തിന് 30 റൺസ് അകലെ സൂര്യകുമാർ യാദവ് വീണെങ്കിലും 26 പന്തിൽ 33 റൺസുമായി ഋഷഭ് പന്ത് ഇന്ത്യയെ കരക്കെത്തിച്ചു.