ഫൈനലില്‍ ചെന്നൈ തോറ്റെന്ന് സ്റ്റേഡിയത്തില്‍ പ്രഖ്യാപനം, ഒത്തുക്കളിയെന്ന് ആരോപണം

ഐപിഎല്‍ കലാശകൊട്ടിന്റെ ആദ്യ ദിനം മഴയില്‍ ഒലിച്ച് പോയതോടെ വിജയികളാരെന്ന് അറിയാന്‍ റിസര്‍വ് ഡേയിലെ മത്സര ഫലം കാത്തിരിക്കണം. ഞായറാഴ്ച്ച കനത്ത മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ഫൈനല്‍ പോരില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനല്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്. അന്ന് ഗുജറാത്ത് രാജസ്ഥാനെ തോല്‍പിച്ചിരുന്നു.

അതെസമയം സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശരിക്കും സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവാണിതെന്നാണ് വിലയിരുത്തുന്നത്. സ്റ്റേഡിയത്തിലെ കൂറ്റന്‍ ഗ്രാഫിക് സ്‌ക്രീനില്‍ ”റണ്ണേഴസ് അപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ്” എന്നെഴുതി കാണിച്ചതാണ് വിവാദമായിരിക്കുന്നത്. സ്‌ക്രീന്‍ പരിശോധിക്കുന്നതിന്റൈ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കാണിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.

സംഘാടകര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളാക്കാന്‍ ശ്രമിക്കുകയാണെന്നും ഐപിഎല്‍ ഒത്തുകളിയാണെന്നും ഈ ചിത്രം ചൂണ്ടിക്കാട്ടി പലരും ആരോപിക്കുന്നു.

അതെസമയം ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരം ടോസിടാന്‍ പോലുമാവാതെ ഉപേക്ഷിക്കേണ്ടി വന്നു. റിസര്‍വ് ദിവസമായ ഇന്ന് മത്സരം നടത്താനാണ് തീരുമാനം.

ഇന്നലെ രാത്രി 9.35 ശേഷം മത്സരം തുടങ്ങുകയാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നുള്ളു. ഇന്നും മഴയാണെങ്കില്‍ കട്ട് ഓഫ് ടൈമായ രാത്രി 12.06നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്നും അംപയമാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും.

You Might Also Like