ഫുട്‌ബോള്‍ ലോകത്തിന് ശുഭവാര്‍ത്ത, ഈ ലീഗില്‍ ഇന്ന് പന്തുരുളും

ലോകത്ത് കൊവിഡ് 19 ആശങ്കകള്‍ക്കിടയില്‍ ഫുട്‌ബോള്‍ ലോകത്തിന് സന്തോഷവാര്‍ത്തയുമായി തുര്‍ക്മെനിസ്ഥാന്‍. ഇവിടെ ഫുട്‌ബോള്‍ സീസണ്‍ ഇന്ന് പുനരാരംഭിക്കും. ഇതുവരെ ഒരു കൊവിഡ് കേസുപോലും സ്ഥിരീകരിക്കാത്തതോടെയാണ് ലീഗ് പുനരാരംഭിക്കാന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

എട്ട് ടീമുകള്‍ അണിനിരക്കുന്ന ലീഗ് മാര്‍ച്ച് മാസത്തിലാണ് നിര്‍ത്തിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കാണികള്‍ ഒത്തുകൂടുന്നതില്‍ ആശങ്കയില്ല എന്നാണ് ഫുട്‌ബോള്‍ ആരാധകരില്‍ ഒരാളുടെ പ്രതികരണം എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡുകാലത്ത് പ്രമുഖ ലീഗുകളെല്ലാം നിര്‍ത്തിയശേഷം താജിക്കിസ്ഥാനിലും ബെലാറസിലുമാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നത്. താജിക്കിസ്ഥാന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ ഈമാസം ആദ്യമായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാല്‍ ഇതിനകം 5000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബെലാറസില്‍ മത്സരം നിര്‍ത്തിവയ്ക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ഇവിടെ മത്സരങ്ങള്‍ കാണാന്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

You Might Also Like