യുവതാരം ട്രിൻകാവോ ബാഴ്‌സ ഫസ്റ്റ് ടീമിൽ തുടരും, റിക്കി പുജ്‌ജ്, പെഡ്രി, അറോഹോ എന്നീ യുവതാരങ്ങൾ ആശങ്കയിൽ

Image 3
FeaturedFootballLa Liga

കഴിഞ്ഞ സീസണിലെ കിരീട വരൾച്ചയെത്തുടർന്ന് ബാഴ്സയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതു വരെ ഒന്നും സംഭവിച്ചില്ല. കൂമാൻ പരിശീലകനായതിനുശേഷം റാക്കിറ്റിച്ച് ക്ലബ് വിട്ടതും സുവാരസ്, വിദാൽ എന്നിവർ ക്ലബ് വിടാൻ ഒരുങ്ങി നിൽക്കുന്നതും കൂട്ടീഞ്ഞോ മടങ്ങി വന്നതും മാറ്റി നിർത്തിയാൽ കാര്യമായ അഴിച്ചു പണികൾ ബാഴ്‌സയിൽ ഉണ്ടായിട്ടില്ല.

യുവതാരങ്ങളുടെ കാര്യത്തിലും അത്‌ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അൻസു ഫാറ്റിയും റിക്കി പുജും അരൗജോയുമൊക്കെ ഫസ്റ്റ് ടീമിൽ കളിച്ചിരുന്നുവെങ്കിലും യഥാർത്ഥത്തിൽ ഇവരൊക്കെ ബാഴ്സ ബിക്കു വേണ്ടി കളിച്ച താരങ്ങളായിരുന്നു. എന്നാൽ ഈ സീസണിൽ ഫസ്‌റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇവരുടെ കാര്യത്തിൽ ഇതുവരെ കൂമാൻ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ബാഴ്സയിലേക്ക് പുതുതായി എത്തിയ പോർച്ചുഗീസ് താരം ട്രിൻകാവോയുടെ കാര്യത്തിൽ കൂമാൻ തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇരുപതുകാരനായ താരം പ്രീ സീസൺ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. ഫലമായി കൂമാൻ താരത്തെ ഫസ്റ്റ് ടീമിലേക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.പതിനേഴാം നമ്പർ ജേഴ്സിയാണ് താരം അണിയുക. സെപ്റ്റംബർ 27നു നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാൻ അവസരം ലഭിച്ചേക്കുമെന്നും സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നു.

അൻസു ഫാറ്റി, റിക്കി പുജ്‌,റൊണാൾഡ് അരൗജോ, പുതിയ സൈനിങ്ങായ പെഡ്രി, എന്നിവർക്ക് ചിലപ്പോൾ ഇനിയും കാത്തിരിക്കേണ്ടിവരും. ഇവരെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകേണമോ അതോ ബാഴ്സ ബി താരങ്ങളായി പരിഗണിക്കേണമോ എന്നുള്ളതാണ് ബാഴ്സയും കൂമാനും വിലയിരുത്തുന്നത്. ഫസ്റ്റ് ടീമിലേക്ക് സ്ഥാനം നേടാൻ അർഹതയുള്ളത് നിലവിൽ ഈ നാലു പേരുമാണ്. ഏതായാലും വരും ദിവസങ്ങളിൽ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവും.