സൂര്യക്ക് സ്ഥാനനഷ്ടം, ഹർദിക് മുന്നോട്ട്, ഭുമ്രക്ക് കുതിച്ചുചാട്ടം; ഏറ്റവും പുതിയ ഐസിസി റാങ്കിങ് പുറത്ത്

Image 3
CricketTeam IndiaWorldcup

ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 2023 ഡിസംബർ മുതൽ ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ഇന്ത്യയുടെ സൂര്യകുമാർ യാദവിനെയാണ് ഹെഡ് പിന്തള്ളിയത്. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഹെഡിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഇന്ത്യയ്‌ക്കെതിരെ 76 റൺസ് ഉൾപ്പെടെ ലോകകപ്പിൽ രണ്ട് അർദ്ധസെഞ്ച്വറികൾ അടക്കം 255 റൺസാണ് ഹെഡിന്റെ സമ്പാദ്യം. 842 പോയിന്റുള്ള സൂര്യകുമാറിനേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് ഹെഡ് (844 പോയിന്റ്). എന്നാൽ ഓസീസ് ലോകകപ്പിൽ നിന്നും പുറത്തായ സാഹചര്യത്തിൽ സ്ഥാനം തിരിച്ചുപിടിക്കാൻ സൂര്യക്ക് ഇനിയും അവസരമുണ്ട്.

ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട്, പാകിസ്ഥാൻ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ യഥാക്രമം 3, 4, 5 സ്ഥാനങ്ങൾ നേടി ടോപ് 5 ബാറ്റ്‌സ്‌മാൻമാരിൽ ഇടം നേടി. ലോകകപ്പിൽ ഒരൊറ്റ മത്സരത്തിൽ പോലും ടീമിലിടം കിട്ടിയില്ലെങ്കിലും, യശസ്വി ജയ്‌സ്വാൾ ഏഴാം സ്ഥാനം നിലനിർത്തി. സൂര്യക്ക് പുറമെ, ആദ്യ പത്തിലുള്ള ഏക ബാറ്ററും ജൈസ്വാളാണ്. വെസ്റ്റ് ഇൻഡീസിന്റെ ജോൺസൺ ചാൾസ് നാല് സ്ഥാനങ്ങൾ മുന്നേറി ടോപ് 10ൽ ഇടം നേടിയ ഏക പുതിയ താരമാണ്. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും ആദ്യപത്തിന് തൊട്ടുതാഴെയെത്താനേ സാധിച്ചുള്ളൂ.

ഇന്ത്യൻ താരങ്ങൾ

ഇന്ത്യയുടെ സൂപ്പർസ്റ്റാർ ബൗളർ ജസ്‌പ്രീത് ബുംറ 44 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി. സ്പിന്നർ കുൽദീപ് യാദവും 20 സ്ഥാനങ്ങൾ മുന്നേറി 11-ാം സ്ഥാനത്തെത്തി. സ്പിൻ ഓൾ റൗണ്ടർ അക്‌സർ പട്ടേൽ 8-ാം സ്ഥാനത്തേക്ക് മുന്നേറിയതോടെ ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യൻ ബൗളറായി മാറി.

ബൗളർമാർ

ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാൽ, റാഷിദ് ഖാൻ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ശ്രീലങ്കൻ സ്പിന്നർ ഹസരംഗ മൂന്നും, ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് നാലും റാങ്കിലെത്തി.

ഓൾറൗണ്ടർമാർ

ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ മാർക്കസ് സ്റ്റോയിനിസിനെ പിന്തള്ളി ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി രണ്ടാം സ്ഥാനത്തുമാണ്.