സ്ലാട്ടനു അമ്പതു വയസുവരെ കളിക്കാനാകും, കളിമികവിനെ പ്രശംസിച്ച് ഫ്രാൻസിസ്‌കോ ടോട്ടി

Image 3
FeaturedFootballSerie A

അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ലാ ഗാലക്സിയിൽ നിന്നും കഴിഞ്ഞ സീസണിലെ ജനുവരി ട്രാൻസ്ഫറിൽ എസി മിലാനിലേക്ക് തിരിച്ചെത്തിയ താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 39 കാരനാണെങ്കിലും മിലാനു വേണ്ടി മികച്ച പ്രകടനമാണ് സ്ലാട്ടൻ കാഴ്ച വെക്കുന്നത്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിനു യോഗ്യത നേടിക്കൊടുക്കുന്നതിൽ സ്ലാട്ടന്റെ പങ്ക് വളരെ വലുതാണ്.

ഈ സീസണിലും മികച്ച പ്രകടനം തുടരുന്ന ഇബ്രാഹിമോവിച്ച് 9 ഗോളുകളാണ് എല്ലാ കോമ്പറ്റിഷനുകളുമായി അടിച്ചു കൂട്ടിയത്. സ്ലാട്ടന്റെ പ്രകടനമികവിൽ മിലാൻ നിലവിൽ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. എന്നാൽ 39 വയസിലും തുടരുന്ന സ്ലാട്ടന്റെ പ്രകടനമികവിനെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയൻ റോമ ഇതിഹാസം ഫ്രാൻസിസ്‌കോ ടോട്ടി.

നിലവിലെ ബൊളോഗ്ന പരിശീലകനും മുൻ റോമ താരവും 2015 മുതൽ 2016മിലാൻ പരിശീലകനുമായി പ്രവർത്തിച്ച സിനിഹാ മിഹാലോവിച്ചിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ ഇബ്രാഹിമോവിച്ചിനോട് സംസാരിക്കുകയായിരുന്നു ടോട്ടി. “സ്ലാട്ടനു ഒറ്റക്കാലിൽ വരെ കളിക്കാനാകും. ഈ മികവിൽ 50 വയസുവരെ അവനു കളിക്കാനാകും. നിന്റെ കളി കാണുന്നത് തന്നെ ഒരു അനുഭൂതിയാണ്. മെയ്ക്കരുത്ത്, സാങ്കേതിക മികവ്, കളിയിലുള്ള അപ്രതീക്ഷിത നീക്കങ്ങൾ. വീണ്ടും നിന്നെ കളിക്കളത്തിൽ കാണാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.” ടോട്ടി അഭിപ്രായപ്പെട്ടു.

ടോട്ടിയും സ്ലാട്ടനും ഇതുവരെ ഒരുമിച്ചു കളിച്ചിട്ടില്ലെങ്കിലും ഒരു ടീമിൽ കളിച്ചിരുന്നെങ്കിൽ സ്ലാട്ടനു ഇപ്പോൾ നേടിയതിന്റെ ഇരട്ടി ഗോളുകൾ നേടാമെന്നു മിഹാലോവിച്ച് അഭിപ്രായപ്പെട്ടു. അതു പോലെ തന്നെ ടോട്ടിക്കും നിരവധി ഗോളുകൾ നേടാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സ്ലാട്ടൻ മിലാനൊപ്പം നാപോളിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണുള്ളത്. കരിയറിലെ അഞ്ഞൂറാം ഗോൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് സ്ലാട്ടൻ.

.