ബ്രസീലിയൻ വിനീഷ്യസിനെ റാഞ്ചാനൊരുങ്ങി ടോട്ടനം, വരുന്നത് കേനിനു പകരക്കാരനായി

ടോട്ടനത്തിന്റെ സൂപ്പർതാരം ഹാരി കേനിനു പിൻഗാമിയായി പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുടെ സ്ട്രൈക്കറായ കാർലോസ് വിനീഷ്യസിനെ ടീമിലെത്തിക്കാനൊരുങ്ങുന്നു. മൂന്നു മില്യൺ യൂറോക്ക് ഒരു വർഷത്തെ ലോൺ കരാറിലാണ് ബ്രസീലിയൻ യുവതാരത്തെ ടീമിലെത്തിക്കുന്നത്. പിന്നീട് 36 മില്യണ് സ്വന്തമാക്കാനുള്ള അവസരവും ടോട്ടനത്തിനുണ്ട്. ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ മെഡിക്കൽ ഉടൻ പൂർത്തിയായേക്കും.

പരിക്കു പറ്റിയാൽ കേനിനു ബാക്കപ്പായി താരങ്ങളില്ലാത്ത പ്രശ്നം ടോട്ടനത്തെ അലട്ടിയിരുന്നു. നാപോളി താരം മിലിക്ക്, സതാംപ്ടണിന്റെ ഡാനി ഇങ്ങ്സ്, ആസ്റ്റൺ വില്ലയുടെ വാട്കിൻസ് എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വിഫലമായതോടെയാണ് വിനീഷ്യസിനായി ടോട്ടനം ശ്രമമാരംഭിച്ചത്.

ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തെ ഉടൻ ലണ്ടനിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാനാവുന്നത്.യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ട യോഗ്യതക്കു വേണ്ടി നടന്ന പ്ലേയോഫ്‌ മത്സരത്തിൽ മക്കാബി ഹൈഫയെ രണ്ടിനെതിരെ ഏഴു ഗോളുകൾക്കു തോൽപിച്ചിരുന്നു. അതിനു ശേഷം യുവതാരത്തിന്റെ സിഗനിംങ്ങനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചുവെങ്കിലും കൂടുതൽ വ്യക്തമായ മറുപടി ലഭിച്ചില്ല.

ഇതോടെ റൂബൻ ഡയസിനു ശേഷം രണ്ടാമത്തെ താരമാണ് ബെൻഫിക്ക വിടാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബെൻഫിക്കക്കായി ഇരുപത്തിയഞ്ചു ഗോളുകൾ വിനിഷ്യസിനു നേടാനായിട്ടുണ്ട്. വിനീഷ്യസ് കേനിനു പകരക്കാരനായും ഇഎഫ്ൽ, കാരബാവോ കപ്പ് മത്സരങ്ങളിലുമാകും അവസരം ലഭിക്കുക.

You Might Also Like