അധികം വൈകാതെ റയലിലേക്ക് തിരിച്ചെത്താനാവും, സാധ്യത തള്ളിക്കളയാതെ ടോട്ടനം സൂപ്പർതാരം

റയൽ മാഡ്രിഡിൽ നിന്നും ടോട്ടനത്തിലേക്ക് ചേക്കേറിയ സ്പാനിഷ് ലെഫ്റ്റ്ബാക്ക് താരമാണ് സെർജിയോ റെഗ്വിലോൺ. ടോട്ടനത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരം റയൽ മാഡ്രിഡിലേക്കുള്ള താരത്തിന്റെ തിരിച്ചുപോക്കിനെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ കാഡെന സെറിനു നൽകിയ അഭിമുഖത്തിലാണ് മാഡ്രിഡിലേക്ക് തിരിച്ചു പോവാനുള്ള സാധ്യതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

റയലിനൊപ്പം പതിനഞ്ചു വർഷത്തെ യൂത്ത് കരിയറിന് ശേഷമാണ് കഴിഞ്ഞ സീസണിൽ സെവിയ്യക്ക് വേണ്ടി ലോണിൽ കളിച്ചത്. സെവിയ്യയിലും മികച്ച പ്രകടനം തുടർന്ന താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒടുവിൽ ടോട്ടനം 30 മില്യൺ യൂറോക്ക് റയൽ മാഡ്രിഡുമായി കരാറിലെത്തുകയായിരുന്നു. ടോട്ടണത്തിലും മിന്നും പ്രകടനം തുടർന്നതോടെ റയലിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ഉയർന്നു വന്നിരിക്കുകയാണ്.

“ എന്റെ വീടാണ് മാഡ്രിഡ്‌. അവിടെയാണ് ഞാൻ വളർന്നു വന്നതും. ഭാവിയിൽ എന്ത് സംഭവിക്കുമെന്നു ഒരിക്കലും പ്രവചിക്കാനാവില്ല. എന്നിരുന്നാലും സാധ്യത കാണുന്നുണ്ട്. ഇതിനെക്കുറിച്ചു പരിശീലകനുമായി ഇതുവരെ സംസാരിച്ചിട്ടില്ല. അതെല്ലാം ക്ലബ്ബിന്റെ തീരുമാനങ്ങളാണ്. അവരെന്താണ് എന്നെക്കുറിച്ചു ചിന്തിക്കുന്നതെന്നു എനിക്കറിയാം. വിടപടയുകയെന്നത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ്. എങ്കിലും എനിക്കാ തീരുമാനം എടുക്കേണ്ടി വന്നു. അതിന്റെ വിശദീകരണം ഞാൻ ഒരിക്കലും അവരോട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ” റെഗ്വിലോൺ അഭിപ്രായപ്പെട്ടു.

റയലിന്റെ ടോട്ടനവുമായുള്ള കരാറിൽ ബയ്ബാക്ക് ക്ലോസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വരുംകാലഭാവിയിൽ 40-45 മില്യൺ യൂറോക്ക് താരത്തിനെ മാഡ്രിഡിനു തിരിച്ചു വാങ്ങാം. ഈ ക്ലോസ് റയൽ മാഡ്രിഡ്‌ ഉൾപ്പെടുത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ നിന്നും പിന്മാറിയത്. പിന്നീട് ടോട്ടനവുമായി കരാറിലെത്തുകയായിരുന്നു. റെഗ്വിലോണിനൊപ്പം ലോണിലുള്ള ഗാരെത് ബെയ്‌ലും ടോട്ടനത്തിൽ മികച്ച പ്രകടനമാണ് തുടരുന്നത്. ടോട്ടനത്തിൽ ബെയ്ൽ സന്തുഷ്ടനാണെന്നും റെഗ്വിലോൺ വെളിപ്പെടുത്തിയിരുന്നു.

You Might Also Like