ജർമനി തന്നത് നന്ദി കേട് മാത്രം; ബൂട്ടഴിക്കുന്നതായി മറ്റൊരു സൂപ്പർതാരം കൂടി

ജർമൻ ടീമിനായി നീണ്ട പതിനൊന്നു വർഷം ബൂട്ട് കെട്ടിയിട്ടും തനിക്ക് അർഹമായ ആദരവ്‌ രാജ്യത്ത് നിന്നും ലഭിച്ചില്ലെന്ന പരാതിയുമായി സൂപ്പർ താരം ടോണി ക്രൂസ്. എന്നാൽ വെറും ഏഴുവർഷം റയൽ മാഡ്രിഡിനായി ബൂട്ട് കെട്ടിയ തനിക്ക് അതിനേക്കാളേറെ സ്നേഹവും ആദരവും സ്‌പെയിനിൽ നിന്നും ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

യൂറോയിൽ ഇംഗ്ലണ്ടിനോടേറ്റ ഞെട്ടിക്കുന്ന തോൽവിയോടെ ടൂർണമെന്റിൽ നിന്നും പുറത്തായതോടെ വർഷങ്ങൾ നീണ്ട ദേശീയ കരിയർ അവസാനിപ്പിക്കുന്നതായി ക്രൂസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് ജർമനിയിൽ നിന്നും നേരിട്ട തിക്താനുഭവങ്ങൾ തുറന്നുപറഞ്ഞു താരം രംഗത്തെത്തിയത്.


ജർമൻ ആരാധകരെ മുഴുവനായും താൻ കുറ്റം പറയുന്നില്ലെന്ന് വ്യക്തമാക്കിയ ക്രൂസ് എന്നാൽ രാജ്യത്തിനായി കയ്യുംമെയ്യും മറന്ന് അദ്ധ്വാനിച്ച തനിക്ക് നന്ദികേട് എന്ന് തോന്നുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായതായും വ്യക്തമാക്കുന്നു.
ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ച ക്രൂസ് തുടർന്നും റയലിനായി ബൂട്ട് കെട്ടുമെന്ന് വ്യക്തമാക്കി. ജർമൻ ടീമിനായി 2010ൽ അരങ്ങേറ്റം കുറിച്ച ക്രൂസ് രാജ്യത്തിനായി 106 മത്സരങ്ങളിൽ മധ്യനിര നിയന്ത്രിക്കുകയും, 17 ഗോളുകൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.


നേരത്തെ ജർമൻ ടീമിൽ നിന്നും അവഗണനയും, നന്ദികേടും നേരിടുന്നതായി ആരോപിച്ച് ജർമനിയുടെ മറ്റൊരു സൂപ്പർതാരം മെസൂട്ട് ഓസിൽ അന്താരാഷ്ട്ര കരിയർ പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.

You Might Also Like