മെസിയെ വാങ്ങാനാഗ്രഹിക്കാത്ത ഏക ക്ലബ്ബ് റയൽ മാഡ്രിഡായിരിക്കും, മനസ്സുതുറന്ന് ടോണി ക്രൂസ്
സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ആഗ്രഹമില്ലാത്ത ക്ലബുകൾ ഫുട്ബോൾ ലോകത്ത് വളരെ കുറവായിരിക്കും. ഏതു ക്ലബ്ബാണ് മെസിയെ പോലെ ഒരു താരത്തെ വേണ്ടെന്നു പറയുകയെന്നു പിഎസ്‌ജി പരിശീലകൻ തോമസ് ടൂക്കൽ വരെ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ മെസിയെ ആവിശ്യമില്ലാത്തതും വാങ്ങാൻ താല്പര്യമില്ലാത്തതുമായ ക്ലബാണ് റയൽ മാഡ്രിഡെന്ന അഭിപ്രായക്കാരനാണ് ജർമ്മൻ താരം ടോണി ക്രൂസ്.
ജർമ്മനിയുടെ സ്വീഡനുമായുള്ള മത്സരശേഷം മാധ്യമങ്ങളെ കാണുന്ന വേളയിലാണ് ക്രൂസ് മെസിയെക്കുറിച്ച് മനസ്സ് തുറന്നത്. മെസി റയൽ മാഡ്രിഡിലേക്ക് വരുമെന്ന് ഞാൻ ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണ് ക്രൂസ് വെളിപ്പെടുത്തിയത്. മെസിക്കും റയൽ മാഡ്രിഡിലേക്ക് പോവാൻ താല്പര്യമുണ്ടാവില്ലെന്നും ക്രൂസ് ചൂണ്ടിക്കാണിച്ചു. അഭിമുഖത്തിൽ റയൽ പരിശീലകൻ സിദാനെക്കുറിച്ച് സംസാരിക്കാനും ക്രൂസ് മടിച്ചില്ല.
There is one club in the world that would not want to sign Lionel Messi, according to Toni Kroos…https://t.co/avQ5Lpij5p
— AS USA (@English_AS) September 8, 2020
“മെസി റയൽ മാഡ്രിഡിലേക്ക് വരുമെന്ന് ഞാൻ ചിന്തിക്കുക പോലും ചെയ്യുന്നില്ല. മെസി റയൽ മാഡ്രിഡിലേക്ക് വരാൻ തയ്യാറാവുകയുമില്ല. രണ്ടുപേർക്കും ഈയൊരു കാര്യത്തിൽ ഒരേ തീരുമാനം ആയിരിക്കും. കാരണം റയൽ മാഡ്രിഡിന് മെസിയെ ആവിശ്യമില്ല. അത്പോലെ തന്നെ മെസിക്ക് റയൽ മാഡ്രിഡിനെയും ആവിശ്യമില്ല. അത്കൊണ്ടാണ് മെസി റയൽ മാഡ്രിഡിലേക്ക് വരില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നത്”
” സിദാനാണ് എന്നെ മികച്ച താരമാവാൻ വളരെയധികം സഹായിച്ചത്. ഓരോ റയൽ മാഡ്രിഡ് താരത്തിനും എന്താണ് ആവിശ്യമെന്നുള്ളത് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു ടീമിനെ എങ്ങനെ നിയന്ത്രിക്കണമെന്നും അദ്ദേഹത്തിന് അറിയാം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ഏറ്റവും മികച്ച പരിശീലകൻ.” സിദാനെക്കുറിച്ച് ക്രൂസ് അഭിപ്രായപ്പെട്ടു.