ബാഴ്സ എട്ടുഗോളിന് തോറ്റപ്പോൾ ഞങ്ങൾ ആഘോഷിക്കുകയായിരുന്നു, വെളിപ്പെടുത്തി ടോണി ക്രൂസ്

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരായ ബാഴ്‌സലോണയുടെ എട്ടു ഗോളിന്റെ ദയനീയമായ പരാജയം റയൽ മാഡ്രിഡ് താരങ്ങൾ ആഘോഷിച്ചുവെന്നു വെളിപ്പെടുത്തി മധ്യനിരതാരം ടോണി ക്രൂസ്. മത്സരത്തിനിടയിൽ റയൽ മാഡ്രിഡ് താരങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയെ സൂചിപ്പിച്ചാണ് റയൽ താരങ്ങളുടെ ആഹ്ളാദം എത്രത്തോളമുണ്ടായിരുന്നുവെന്ന് ക്രൂസ് വെളിപ്പെടുത്തിയത്.

“അന്ന് സംസാരിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുഴുവനായും വെളിപ്പെടുത്താൻ എനിക്കാവില്ല. എന്നാൽ ബാഴ്‌സലോണയോട് ഒരു കാരുണ്യവും ആർക്കുമുണ്ടായിരുന്നില്ലെന്ന് നിങ്ങൾക്കു തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്ന കാര്യമാണ്. അത്രയധികം ആഘോഷം ഞങ്ങൾ നടത്തി.” ക്രൂസിന്റെ വെളിപ്പെടുത്തലുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷം മുൻപ് നടന്ന ചാമ്പ്യൻസ് ലീഗിൽ റോമ ബാഴ്‌സലോണയെ അട്ടിമറി നടത്തി തോൽപിച്ചപ്പോഴത്തെ റയൽ താരങ്ങളുടെ ആഹ്ളാദപ്രകടനത്തെ കുറിച്ചും ക്രൂസ് പറഞ്ഞു. “മനോലാസ് റോമയുടെ വിജയഗോൾ നേടിയപ്പോൾ റയൽ താരങ്ങൾ ഉറക്കെ ആർപ്പുവിളിച്ച് റൂമിലൂടെ ഓടുകയായിരുന്നു. ഈ മത്സരത്തിന് ശേഷവും അതുപോലൊക്കെ തന്നെയാണുണ്ടായത്.” ക്രൂസ് വ്യക്തമാക്കി.

ബാഴ്‌സലോണയുടെ തോൽ‌വിയിൽ ക്രൂസ് സന്തോഷിച്ചതിൽ യാതൊരു അത്ഭുതവും തോന്നേണ്ടതില്ല. റയൽ മാഡ്രിഡ് താരമെന്നതിലുപരി ബയേൺ മ്യൂണിക്കിന്റെ മുൻ കളിക്കാരൻ കൂടിയാണ് ക്രൂസ്. കൂടാതെ ബ്രസീലിയൻ സഹതാരങ്ങളുണ്ടെങ്കിൽ കൂടി ഏഴു ഗോളിന് തകർന്നടിഞ്ഞതു വരെ ട്രോളാക്കിയ ക്രൂസിന് ബാഴ്‌സയുടെ ദയനീയ തോൽവി ഇരട്ടിമധുരമായിട്ടുണ്ടാകും എന്നു തന്നെയാണ് കരുതേണ്ടത്