‘ബ്രസീലിൽ ഗ്രൗണ്ടുകൾ മോശം’; വിമർശിച്ച പരിശീലകന് ഭീമൻ പിഴശിക്ഷ

Image 3
Copa America

കോപ്പ അമേരിക്ക നടത്തിപ്പിൽ സംഘാടകരെ വിമർശിച്ചതിന് ബ്രസീൽ പരിശീലകൻ ടിറ്റെക്ക് ഭീമൻ പിഴയിട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമെബോൾ. മത്സരം നടന്ന ഗ്രൗണ്ടിന് നിലവാരം പോര എന്ന് വിമർശനമുന്നയിച്ചതിനാണ് ശിക്ഷ.


കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മത്സരം നടന്ന ഗ്രൗണ്ടിന്റെ നിലവാരം വളരെ മോശമാണെന്നും അത് യൂറോപ്പിലെയും മറ്റും മികച്ച ഗ്രൗണ്ടുകളിൽ കളിക്കുന്ന തങ്ങളുടെ താരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിക്കുന്നുവെന്നും ടിറ്റെ പറഞ്ഞിരുന്നു. ഇതാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ അധികൃതരെ ചൊടിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് 5000 ഡോളർ പിഴ ശിക്ഷ വിധിക്കുകയായിരുന്നു.

അർജന്റീനയിലും കൊളംബിയയിലുമായി കോപ്പ അമേരിക്ക ടൂർണമെന്റ് നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ അർജന്റീന നടത്തിപ്പിൽ നിന്നും പിന്മാറുകയായിരുന്നു. അതോടെ കുറഞ്ഞസമയത്തിനുള്ളിലും ടൂർണമെന്റ് നടത്തിപ്പ് ഏറ്റെടുത്ത് ബ്രസീൽ മുൻപോട്ട് വന്നു. സമയപരിമിതിക്കുള്ളിൽ ടൂർണമെന്റിനായി ഒരുങ്ങേണ്ടി വന്നതിനാലാണ് ഗ്രൗണ്ടുകൾ പ്രതീക്ഷിച്ച നിലവാരമില്ലാതെ പോയത്.


സംഘാടകർക്കെതിരെ വിമർശനം തുടർന്നാൽ ടിറ്റെക്ക് കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് കോൺമെബോൾ അച്ചടക്ക സമിതി തലവൻ എഡ്വാർഡോ ഗ്രോസ് ബ്രൗൺ വ്യക്തമാക്കി. കൂടാതെ, നടപടിക്കെതിരെ അപ്പീൽ നൽകാൻ ബ്രസീലിന് അധികാരമില്ലെന്നും ബ്രൗൺ വ്യക്തമാക്കി.