തിരിയോട് ബ്ലാസ്‌റ്റേഴ്‌സ് ചെയ്തത് ചതി, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഐഎസ്എല്‍ ആറാം സീസണ്‍ അവസാനിക്കുമ്പോഴേക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളായിരുന്നു ജംഷഡ്പൂര്‍ എഫ്സിയുടെ സ്പാനിഷ് പ്രതിരോധ താരം തിരി. സന്ദേഷ് ജിങ്കനും ജയ്‌റോ റോഡ്രിഗസും അടക്കമുളള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് തിരിയെ ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്ത് റാഞ്ചിയത്.
എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരിയോട് പ്രതിഫലം 40 ശതമാനം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതാണ് തിരിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ പടലപ്പിണയ്ക്കത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.
‘അടുത്ത മൂന്ന് സീസണുകളിലേക്കാണ് തിരിയുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലായത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് തിരിയുടെ വേതനം 40 ശതമാനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്ലാസ്റ്റേഴ്‌സ് സാമ്പത്തികമായി ഏറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്. തിരിയുമായുളള ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഇതൊരു ഗുരുതരമായ പ്രശ്‌നമായി മാറും. മറ്റൊരു ക്ലബില്‍ നിന്നും ക്ഷണിച്ചുവരുത്തിയ താരത്തിന് ശമ്പളം കൊടുക്കാനായില്ല എന്നത് ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിയ്ക്കും. അടുത്ത കുറച്ച് ദിവസത്തിനുളളില്‍ അറിയാന്‍ കഴിയും ഈ പ്രശ്‌നം പരിഹരിക്കപ്പെടുമോയെന്ന്’ പേര് വെളിപ്പെടുത്താത്ത ഒരു സോഴ്‌സ് സ്‌പോട്‌സ്‌കീഡയോട് പറയുന്നു.
ജംഷ്ഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ് സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാര്‍ ഒപ്പുവെച്ചത്. തിരി ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയില്ലെങ്കില്‍ അത് കേരള ക്ലബിന് കനത്ത തിരിച്ചടിയാകും.
2015ല്‍ അത്ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.
പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.