ഒടുവില്‍ തിരിയുടെ കാര്യം തീരുമാനമായി, സ്വന്തമാക്കിയത് ഈ ക്ലബ്

Image 3
FootballISL

ജംഷഡ്പൂരില്‍ നിന്ന് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുകയും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ടീം വിടുകയും ചെയ്ത സ്പാനിഷ് പ്രതിരോധ താരം തിരിയെ സ്വന്തമാക്കി എടികെ മോഹന്‍ബഗാന്‍. ഒരു വര്‍ഷത്തേക്കാണ് തിരിയ്ക്ക് എടികെ മോഹന്‍ ബഗാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിയും ബ്ലാസ്റ്റേഴ്സും തമ്മില്‍ ധാരണയായത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത് തിരിയും ക്ലബും തമ്മില്‍ ഇടയാനിടയാക്കി. ഇതോടെയാണ് സ്പാനിഷ് പ്രതിരോധ താരം ക്ലബ് വിടാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്തന്‍ ക്ലബാകട്ടെ ഒരു വിദേശ പ്രതിരോധ താരത്തിനായുളള അന്വേഷണത്തിലായിരുന്നു. എടികെയുടെ താരം അഗസ്റ്റിന്‍ ഇനീക്കസ് വ്യക്തിപരമായ കാരണങ്ങളാണ് എടികെ വിട്ടിരുന്നു. ഇതോടെയാണ് തിരിയ്ക്ക് ഐഎസ്എല്‍ ചാമ്പ്യന്‍മാരോടൊപ്പം ചേരാന്‍ അവസരം ഒരുങ്ങിയത്,. ഇതോടെ ഹബാസിന് കീഴില്‍ സെന്റര്‍ ബാക്ക് ആയാകും തിരി എടികെയില്‍ കളിക്കുക. പ്രീതം കോട്ടാലിനും സുമിത് രതിയുമായിരിക്കും ഇരുപാര്‍ശ്യങ്ങളിലും തിരിയ്ക്കൊപ്പം എടികെയുടെ പ്രതിരോധ കോട്ട കാക്കുക. ഹബാസിന്റെ 3-5-2 ശൈലിയ്ക്ക് തിരി ഏറ്റവും അനുകൂല താരമാണ്.

ജംഷഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സുമായി താരം കരാര്‍ ഒപ്പുവെച്ചത്.

2015ല്‍ അത്ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.

പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.