ഒരു വർഷത്തേക്കുള്ള കരാറിൽ ഉറച്ച് പെരെസ്, റാമോസിന്റെ റയലിലെ നിലനിൽപ്പ് വീണ്ടും പ്രതിസന്ധിയിൽ

റയൽ മാഡ്രിഡിന്റെ സമീപകാല ഫോമിൽ പ്രതിരോധത്തിൽ ഇപ്പോഴും മികച്ച പ്രകടനം തുടരുന്ന പ്രധാനതാരമാണ് സെർജിയോ റാമോസ്. എന്നാൽ താരവുമായുള്ള കരാർ പുതുക്കൽ സീസൺ അവസാനിക്കാറായിട്ടും എങ്ങുമെത്തിയിട്ടില്ലെന്നതാണ് വാസ്തവം. കാൽമുട്ടിനു പരിക്കേറ്റതിന് ശേഷം താരം റയൽ മാഡ്രിഡിൽ തന്നെ തുടരാനായി മുന്നോട്ടു വെച്ച ഓഫർ സ്വീകരിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാലിപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെരെസ് മുന്നോട്ടു വെക്കുന്ന പുതിയ ഓഫറിൽ ഒരു വർഷത്തേക്ക് മാത്രമാണ് റാമോസിന് കരാറായി നൽകാൻ തയ്യാറായിരിക്കുന്നത്. പരിക്കിനു ശേഷമാണ് പെരെസ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം റാമോസ് ഇപ്പോഴും രണ്ടു വർഷത്തെ കരാറിനായി ഉറച്ചു നിൽക്കുന്നുവെന്നാണ് അറിയാനാകുന്നത്. ഒരു വർഷത്തേക്ക് കരാർ പുതുക്കുന്നതിനോട് താത്പര്യമില്ലെന്ന് വ്യക്ഷമക്കിയിരിക്കുകയാണ് താരം. ഈ വരുന്ന ചൊവ്വാഴ്ച 35 തികയുന്ന താരത്തിനു ഇനി ഒരു ദീർഘകാല ഓഫർ നൽകില്ലെന്ന തീരുമാനത്തിൽ തന്നെ പെരെസും ഉറച്ചു നിൽക്കുന്നുവെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്.

പരിക്കിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്‌ജിയും താരത്തിനു പിറകിലുണ്ടായിരുന്നെങ്കിലും പരിക്കിനു ശേഷം സ്ഥിതിഗതികൾ മാറിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് പെരെസിന്റെ നീക്കം. റയൽ മാഡ്രിഡിന്റെ കോൺട്രാക്ട് പോളിസിയനുസരിച്ച് മുപ്പതു വയസിനു മുകളിലുള്ള താരത്തിനു ഓരോ വർഷവും കരാർ പുതുക്കുന്ന രീതിയാണ് തുടർന്നു പോരുന്നത്. അതിനു വിപരീതമായി നിലവിലെ വേതനത്തിൽ രണ്ടു വർഷത്തേക്കുള്ള കരാറാണ് റാമോസിന്റെ ആവശ്യം. ചർച്ചകൾ ഒത്തുപോവാത്ത സാഹചര്യത്തിൽ റാമോസ് ക്ലബ്ബ് വിടാനുള്ള സാഹചര്യമാണ് ഉയർന്നു വന്നിരിക്കുന്നത്.

You Might Also Like