അമ്പരപ്പിച്ച് ടിം സൗത്തി, കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും അഹങ്കരിക്കാതെ വിനയം കൊണ്ട് ലോകത്തെ ഞെട്ടിച്ചവരാണ് ന്യൂസിലന്‍ഡുകാര്‍. ഏറ്റവും ഒടുവില്‍ കിവീസ് ഓപ്പണര്‍ ടിം സൗത്തിയാണ് ക്രിക്കറ്റ് ലോകത്ത അമ്പരപ്പിക്കുന്നത്.

അര്‍ബുദ ബാധിതയായ എട്ടു വയസ്സുകാരി ഹോളി ബെറ്റിക്കായി കാരുണ്യത്തിന്റെ കരം നീട്ടിയാണ് ന്യൂസീലന്‍ഡ് താരം കയ്യടി നേടുന്നത്. അര്‍ബുദത്തിന്റെ ഗുരുതര സ്വഭാവമുള്ള വകഭേദമായ ‘ന്യൂറോബ്ലാസ്റ്റോമ’ ബാധിച്ച എട്ടു വയസ്സുകാരിക്കായാണ് സൗത്തി രംഗത്തിറങ്ങിയത്.

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം ചൂടുമ്പോള്‍ ധരിച്ചിരുന്ന ജഴ്‌സി, ഹോളിയുടെ ചികിത്സാര്‍ഥം ലേലത്തിനു വച്ചിരിക്കുകയാണ് താരം. വിദഗ്ധ ചികിത്സയ്ക്കായി നിലവില്‍ സ്‌പെയിനിലാണ് ഹോളിയും പിതാവ് ജോണും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിലുണ്ടായിരുന്ന 15 താരങ്ങളും ഒപ്പിട്ടതാണ് സൗത്തിയുടെ ജഴ്‌സി. ഓണ്‍ലൈനിലൂടെയാണ് ജഴ്‌സിയുടെ ലേലം പുരോഗമിക്കുന്നത്. ജൂലൈ എട്ടാം തീയതി ഉച്ചയ്ക്ക് 1.45 വരെ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. നിലവില്‍ 43,200 യുഎസ് ഡോളര്‍ (32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ ലേലത്തുക ഉയര്‍ന്നിട്ടുണ്ട്.

സൗത്തിയുടെ ജഴ്‌സി ഇത്തരമൊരു ആവശ്യത്തിനായി ലേലത്തിനുവച്ച കാര്യം ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഞാന്‍ ധരിച്ച ജഴ്‌സിക്കായാണ് ഈ ലേലം. ന്യൂസീലന്‍ഡ് ടീമിലുണ്ടായിരുന്ന 15 പേരും ഇതില്‍ ഒപ്പിട്ടുണ്ട്. ഈ ലേലത്തില്‍നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും ഹോളി ബെറ്റിയുടെ ചികിത്സയ്ക്കായി ചെലവഴിക്കും’ സൗത്തി വ്യക്തമാക്കി.

‘ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്രിക്കറ്റ് ഗ്രൂപ്പില്‍നിന്നാണ് ഞാനും എന്റെ കുടുംബവും ഹോളി ബെറ്റിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ബെറ്റിയുടെ കുടുംബത്തിന്റെ സഹനവും കരുത്തും പോസിറ്റിവ് മനോഭാവവും അന്നുതന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. ബെറ്റിക്ക് കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് എന്നേക്കൊണ്ട് സാധിക്കും വിധം ഇത്തരത്തില്‍ പിന്തുണയ്ക്കാനുള്ള ശ്രമം’ സൗത്തി പറഞ്ഞു.

‘രോഗത്തിനെതിരെ കരുത്തോടെ പോരാടുന്ന ബെറ്റിയുടെ ചികിത്സാ ചെലവുകള്‍ക്ക് സഹായകമായ നല്ലൊരു തുക ഇതിലൂടെ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു രക്ഷിതാവെന്ന നിലയില്‍ ബെറ്റിയും കുടുംബവും നടത്തുന്ന പോരാട്ടത്തില്‍ ഞാനും അവര്‍ക്കൊപ്പമുണ്ട്’ സൗത്തി കുറിച്ചു.

‘ക്രിക്കറ്റ് കളത്തില്‍ നാം നേരിടുന്ന വിജയവും തോല്‍വിയും ഒന്നുമല്ലെന്ന് ഹോളിയും അവളുടെ പോരാട്ടവും നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ചെറുതും വലുതുമായ രീതിയില്‍ ലേലത്തില്‍ പങ്കാളികളാകാന്‍ ഏവരെയും ക്ഷണിക്കുന്നു’ സൗത്തി കുറിച്ചു.

ഇന്ത്യയ്ക്കെതിരായ കലാശപ്പോരാട്ടത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ മാത്രം 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മത്സരം ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന് ജയിച്ചു.

You Might Also Like