പെയ്‌ന് ‘ചിത്രവധം’ ഒരുക്കി ഓസ്‌ട്രേലിയ, അവന്‍ നായകനായി തിരിച്ചുവരുന്നു

പ്രണം കൃഷ്ണ
അലന്‍ ബോര്‍ഡര്‍, മാര്‍ക് ടെയ്ലര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവന്‍ സ്മിത്ത് തുടങ്ങിയ അതത് കാലത്തെ പ്രതാപികളുടെ പിന്‍ഗാമിയായാണ് 2018ല്‍ ബോള്‍ ടാമ്പറിങ് സ്‌കാന്റലിനെ തുടര്‍ന്ന് അതുവരെയും 12 ടെസ്റ്റുകളുടെ മാത്രം പരിചയമുള്ള ടിം പെയിന്‍ എന്ന ടാസ്മാനിയക്കാരന്‍ ഓസീസ് നായകനാവുന്നത്.
ഒരു പ്ലേയര്‍ എന്ന നിലയ്ക്ക് മുകളില്‍ പരാമര്‍ശിക്കപ്പെട്ട എക്‌സ് ഓസീസ് നായകന്‍മാരുടെ ഒന്നും ക്രെഡന്‍ഷ്യല്‍ പെയിനിന് ഇല്ലാത്തതിനാലും, ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് അവരുടെ ബാറ്റിംഗ് സ്റ്റാട്ട്സ്മായി പെയിനിന്റെ നമ്പറുകള്‍ താരതമ്യം ചെയ്യപ്പെടുമെന്നതും മുന്‍കൂട്ടി കണ്ടാവണം ടീമിലെ പെയിനിന്റെ പ്രാഥമികമായ റോള്‍ വിക്കറ്റ് കീപ്പിങ് ആണെന്ന മുന്‍കൂര്‍ ജാമ്യം പെയിനിനെ ക്യാപ്റ്റനായി അപ്പോയിന്റ്‌മെന്റ് ചെയ്യുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്തിട്ടുണ്ടാവുക.
പെയിനിന്റെ കാപ്റ്റിയന്‍സി കാലഘട്ടത്തെ നമുക്ക് സ്മിത്തും വാര്‍ണറും വിലക്കിലുള്ള പിരീഡെന്നും, സ്മിത്തും വാര്‍ണറും തിരിച്ചു വന്നതിനു ശേഷമുള്ള പിരീഡെന്നും രണ്ടായി തിരിക്കാം.
സ്മിത്തും, വാര്‍ണറും വിലക്കിലായിരുന്നപ്പോള്‍ പെയിനിന്റേ നായകത്വത്തില്‍ ടീമിന്റെ പ്രകടനം നോക്കിയാല്‍ പാകിസ്താന് എതിരെ ദുബായിയില്‍ നടന്ന പരമ്പരയും, ഇന്ത്യക്ക് എതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയും നഷ്ടപ്പെട്ട ഓസ്‌ട്രേലിയക്ക് ഈ കാലയളവില്‍ ആകെ അവകാശപ്പെടാന്‍ ഉണ്ടായിരുന്നത് താരതമ്യേനെ ദുര്‍ബലരായ ശ്രീലങ്കയ്ക്ക് എതിരെ നാട്ടില്‍ നേടിയ പരമ്പര വിജയം മാത്രമായിരുന്നു. ഇതില്‍ തന്നെ ഇന്ത്യക്ക് എതിരെയുള്ള തോല്‍വി ഒരേഷ്യന്‍ ടീമിനെതിരെയുള്ള സ്വന്തം നാട്ടിലെ ആദ്യ പരമ്പര തോല്‍വിയുമായി.
എന്നാല്‍ സ്മിത്തും, വാര്‍ണറും മടങ്ങി വന്ന ശേഷം ഇംഗ്ലണ്ടില്‍ നടന്ന ആഷസ് 2-2 സമനില ആക്കി ആഷസ് ട്രോഫി റീട്ടെയിന് ചെയ്യാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ആഷസ് റീറ്റെയിന്‍ ചെയ്തതെങ്കിലും ഹെഡിംഗ്ലി ടെസ്റ്റില്‍ നമ്പര്‍ ഇലവനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റോക്‌സിന് ഓവറുകളിലെ അവസാന ബോളുകളില്‍ എളുപ്പത്തില്‍ സിംഗിള്‍ എടുക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതിന്റെ പേരിലും, റിവ്യൂ ശരിയാം വിധം ഉപയോഗിക്കാത്തതിന്റെ പേരിലും, കെന്നിങ്ടന്‍ ടെസ്റ്റില്‍ ടോസ് കിട്ടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാത്തതിന്റെ പേരിലുമൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്ന് പറയാറുണ്ടെങ്കിലും ക്യാപ്റ്റന്‍സിയിലെ ഇത്തരം ചില പാളിച്ചകള്‍ കാരണം 2001ന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയം നേടാനുള്ള അവസരമാണ് ഓസീസ് ടീം കളഞ്ഞു കുളിച്ചത്, വ്യക്തിപരമായി സ്റ്റീവ് വോക്ക് ശേഷം ഇംഗ്ലണ്ടില്‍ പരമ്പര വിജയം നേടുന്ന ആദ്യ ഓസീസ് ക്യാപ്റ്റനുമാകാമായിരിന്നു ടിം പെയിനിന്. അതിന് ശേഷം പാകിസ്താന് എതിരെയും, ന്യൂസിലാന്‍ഡിനു എതിരെയും നാട്ടില്‍ നടന്ന പരമ്പരകള്‍ തൂത്തുവാരി വേള്‍ഡ് ടെസ്റ്റ് ചപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും ചെയ്തതോടെ മുപ്പത്തിയാറുകാരനായ പെയിന്‍ വിരമിക്കുമ്പോള്‍ പകരം ആരെന്നതല്ലാതെ പെയിനിനെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റുക എന്ന വിധത്തിലൊരു ചര്‍ച്ചയെ എവിടെയും ഉണ്ടായിരുന്നില്ല.
അങ്ങനെ ഇരിക്കെ ആണ് ഇന്ത്യയുടെ ഓസീസ് ടൂര്‍ വരുന്നത്, വിരാട് കോഹ്ലി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ ഓസീസ് വൈറ്റ് വാഷ് ചെയ്യുമെന്ന് അറിയപ്പെടുന്ന കളി എഴുത്തുകാരും, ലെജന്‍ഡറി സ്റ്റാറ്റസ് ഉള്ള കളിക്കാരും ഒക്കെ വിധി എഴുതി. എന്നാലെന്താണ് ഉണ്ടായതെന്ന് നമ്മള്‍ ഒക്കെയും കണ്ടു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 4-0 Australia or 3-1 Australia എന്ന് വിധിയെഴുതിയവര്‍ ഒക്കെയും പരമ്പര കഴിഞ്ഞത് മുതല്‍ പെയിനിനെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റേണ്ടതിന്റെ കാരണങ്ങള്‍ നിരത്താന്‍ തുടങ്ങി. ചുരുക്കം ചിലര്‍ മാത്രം പെയിനിനേ ബലിയാട് ആക്കിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന നിലപാടുമായും വന്നു.
എന്തായാലും WTCയുടെ ഭാഗമായി ഓസീസിന് അവശേഷിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടൂറിന് മുന്‍പൊരു നായകമാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകനായി ഇനി അധികം കാലം പെയിന്‍ ഉണ്ടാകില്ലെന്നത് ഉറപ്പാണ്.
മുന്‍പൊക്കെ പെയിനിലെ ബാറ്റ്‌സ്മാനും, ക്യാപ്റ്റനും മാത്രം ആയിരിന്നു വിമര്‍ശിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് ശേഷം പെയിന്‍ എന്ന വിക്കറ്റ് കീപ്പറും വിമര്‍ശനങ്ങളുടെ നടുക്കാണ്. മാത്രവുമല്ല പെയിനിന്റെ മുന്‍ഗാമികളായ ഗില്‍ക്രിസ്റ്റ് 36ാം വയസിലും ഹാഡിന്‍ 35ാം വയസിലും പാഡ് അയച്ചവരാണ്. നിലവില്‍ 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 36കാരനായ പെയിന്‍ കരിയര്‍ അവസാനിക്കും മുന്‍പേ അന്‍പത് ടെസ്റ്റുകള്‍ എങ്കിലും കളിക്കുമോ എന്നതും സംശയമാണ്, പ്രത്യേകിച്ച് കാരിയെ പോലുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ലൈനില്‍ ഉള്ളപ്പോള്‍.
പെയിന്‍ മാറുമ്പോള്‍ സ്വാഭാവികമായും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഫ്രണ്ട് റണ്ണര്‍ സ്മിത്ത് ആയിരിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. ബോള്‍ ടാമ്പറിങ് സ്‌കാണ്ടല്‍ എന്ന അദ്ധ്യായം ഒരു ബാഗേജ് ആയുള്ളതിനാല്‍ സ്മിത്ത് വീണ്ടും ആ സ്ഥാനം ഏറ്റെടുക്കാന്‍ മടിക്കുമോ, ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ വീണ്ടും ആ സ്ഥാനത്തേക്ക് അവരോധിക്കാന്‍ മടിക്കുമോ എന്നതും ആശ്രയിച്ച് ഇരിക്കും മറ്റുള്ളവരുടെ സാധ്യതകള്‍. ബോള്‍ ടാമ്പറിങ്ങിനെ തുടര്‍ന്ന് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആജീവനാനന്ത വിലക്ക് ആണെന്നിരിക്കെ പിന്നെ ഉള്ളത് നിലവിലത്തെ വൈസ് ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സാണ്, എന്നാലൊരു പേസര്‍ ആണെന്നത് പുള്ളിക്കാരന്റെ സാധ്യത കുറയ്ക്കുന്നു.
പിന്നെയുള്ള ഓപ്ഷന്‍സ് എന്ന് പറയാവുന്നത് ടീമിലെ എക്‌സ്പീരിയന്‍സ്ഡ് കാമ്പയിനറായ നാഥന്‍ ലിയോണും, ടെസ്റ്റ് ടീമില്‍ സ്മിത്തിനും വാര്‍ണര്‍ക്കും പുറമെ പെര്‍മനന്റ് ബാറ്റ്‌സ്മാനായുള്ള ലാമ്പുഷെയിനും മാത്രമാണെന്ന് പറയാം. ഡോമിസ്റ്റിക്കില്‍ പോലും നായകനായി ആവശ്യത്തിന് പരിചയം ഇല്ലാത്ത ലാംബുവിനെ നേരിട്ട് പിടിച്ച് ക്യാപ്റ്റന്‍ ആക്കുമെന്നു കരുതാനും വയ്യ. അത് കൊണ്ട് തന്നെ വലിയ അല്‍ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം സ്മിത്ത് തന്നെ വീണ്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാകാനാണ് സാധ്യത. അതായത് പെയിനിനെ ഇന്ത്യയില്‍ കിട്ടണം എന്ന അശ്വിന്റെ ആഗ്രഹം ആഗ്രഹമായി മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്ന്.
കടപ്പാട്: സ്‌പോട്‌സ് പരഡൈസോ ക്ലബ്