ടീമില്‍ സ്ഥാനം എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ഓസീസ് നായകന്‍, ഇനി തുടരണമെങ്കില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കണം

Image 3
CricketCricket News

ഓസ്‌ട്രേലിയന്‍ ടീമില്‍ തന്റെ സ്ഥാനം ഏതാണ്ട് അവസാനിക്കാറായെന്ന് സൂചന നല്‍കി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തന്റെ കീഴില്‍ അവിശ്വസനീയ ജയം നേടിയാല്‍ മാത്രമാണ് ടീമില്‍ തുടരുന്നതിന് മാനേജുമെന്റ് അനുവദിക്കുകയുളളുവെന്നാണ് പെയ്ന്‍ തുറന്ന് പറയുന്നത്.

‘ഈ വര്‍ഷം നടക്കുന്ന ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 5-0ത്തിന് വിജയിക്കുകയും, അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 300 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഞാന്‍ സെഞ്ച്വറിയുമായി ടീമിനെ ജയിപ്പിക്കുകയും ചെയ്താന്‍ ഒരു പക്ഷെ കുറച്ച് കാലം കൂടി ഞാന്‍ ക്രിക്കറ്റില്‍ തുടരും’ പെയ്ന്‍ പറയുന്നു.

ഓസ്‌ട്രേലിയയില്‍ തന്റെ പിന്‍ഗാമി ആരായിരിക്കണം എന്ന കാര്യത്തിലും പെയ്‌ന് അഭിപ്രായമുണ്ട്. ഓസ്‌ട്രേലിയയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സ്റ്റീവ് സ്മിത്ത് എന്തുകൊണ്ടും അര്‍ഹനാണെന്നാണ് ടിം പെയ്ന്‍ പറയുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് സ്മിത്ത് ഒരവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്നും പെയ്ന്‍ പറഞ്ഞു.

2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത്. ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് വിലക്കിയ സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാവുന്നതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മൂന്ന് വര്‍ഷ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. വീണ്ടും ഓസീസ് ക്യാപ്റ്റനാവാന്‍ ആഗ്രഹമുണ്ടെന്ന് ജനുവരിയില്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പെയ്‌നിന്റെ പ്രസ്താവന.

ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. തന്ത്രപരമായി മികച്ച നായകനാണ് സ്മിത്ത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം വീണ്ടും അവസരം അര്‍ഹിക്കുന്നുണ്ട്. പക്ഷെ ആ തീരുമാനം എടുക്കേണ്ടയാള്‍ ഞാനല്ല. ആദ്യം ക്യാപ്റ്റനായപ്പോള്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പക്വത സ്മിത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അയാള്‍ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടിരുന്നു.

ഈ വര്‍ഷം ആഷസിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റിലും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പര സമനില(22) ആയിരുന്നു. 47 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആഷസ് പരമ്പര സമനിലയാവുന്നത്.