സെഞ്ച്വറിയുമായി അമ്പരപ്പിച്ച് മൂന്ന് ഓപ്പണര്‍മാരും, ചെന്നൈ ആവേശത്തില്‍

ഐപിഎല്‍ 14ാം സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പ് ആവേശത്തില്‍. വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ ഒപ്പണര്‍മാര്‍ നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ ക്യാമ്പിനെ ആവേശത്തിലാക്കുന്നത്.

ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന റോബിന്‍ ഉത്തപ്പ, ജഗദീശരന്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവരാണ് വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.

ഇത്തവണ ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് ട്രേഡിങ്ങിലൂടെ മൂന്നര കോടി രൂപയിലൂടെ സ്വന്തമാക്കിയ വെറ്ററന്‍ താരം റോബിന്‍ ഉത്തപ്പയാണ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറി നേടിയ ആദ്യ ‘ചെന്നൈ ഓപ്പണര്‍’. കേരളത്തിനായി കളിക്കുന്ന ഉത്തപ്പ ഡീഷയ്ക്കെതിരായ മത്സരത്തിലാണ് തകര്‍പ്പന്‍ സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായത്.

എലീറ്റ് ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെ തോല്‍പ്പിക്കാന്‍ തമിഴ്‌നാടിന് കരുത്തായ ഓപ്പണര്‍ എന്‍. ജഗദീശനാണ് സെഞ്ചുറി നേടിയ രണ്ടാമത്തെ ഓപ്പണര്‍. മത്സരത്തില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്‌നാടിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് ജഗദീശനായിരുന്നു. 103 പന്തില്‍ 14 ഫോറും രണ്ടു സിക്‌സും സഹിതം ജഗദീശന്‍ നേടിയത് 101 റണ്‍സ്.

എലീറ്റ് ഗ്രൂപ്പ് ഡിയില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ മഹാരാഷ്ട്രയുടെ വിജയശില്‍പിയായ ക്യാപ്റ്റന്‍ കൂടിയായ ഋതുരാജ് ഗെയ്ക്വാദാണ് സെഞ്ചുറിയുമായി മിന്നിയ മൂന്നാം ചെന്നൈ ഓപ്പണര്‍. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗെയ്ക്വാദ്, 109 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം നേടിയത് 102 റണ്‍സ്.

You Might Also Like